ഭയം അഡ്മിന്‍ ഒണ്‍ലിയാക്കുന്ന കാലത്ത് ഫാത്തിമ ലത്തീഫിന് വേണ്ടി എന്ത് പ്രതിഷേധ സ്വരമാണ് പ്രതീക്ഷിക്കാനാവുക

കോഴിക്കോട്: ഐ.ഐ.ടി മദ്രാസില്‍ മലയാളിപ്പെണ്‍കുട്ടി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിനെതിരെ പ്രതിഷേധ സ്വരം ഉയരാത്തതിനെ വിമര്‍ശിച്ച് മുസ്ലിം യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം. ദക്ഷിണേന്ത്യയിലെ ഒരു കാമ്പസിനകത്ത് പോലും ഇതാണ് ജീവിതമെങ്കില്‍ ഉത്തരേന്ത്യന്‍ കാമ്പസുകളിലെ ജാതിവെറിയില്‍ എങ്ങനെയാണ് കുട്ടികള്‍ പിടിച്ചു നില്‍ക്കുക എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭയം അഡ്മിന്‍ ഒണ്‍ലികളാക്കിയ മനുഷ്യരില്‍ നിന്ന് എന്ത് പ്രതിഷേധമാണ് പ്രതീക്ഷിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ:

എന്റെ പേര് തന്നെയാണ് എന്റെ പ്രശ്‌നം വാപ്പിച്ചാ..

2016 ജനുവരി 17 ന് സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോള്‍ രോഹിത് വെമുല കുറിച്ച് വച്ചത് ഈ വാക്കുകളായിരുന്നു.എന്റെ ജന്മമാണ് എന്റെ കുറ്റം.
മൂന്നര വര്‍ഷത്തിന് ശേഷം ഫാത്തിമ ലത്തീഫ് എന്ന ഐ.ഐ.ടി വിദ്യാര്‍ത്ഥിനി തന്റെ ആത്മഹത്യാകുറിപ്പിലെഴുതിയിരിക്കുന്നു,
എന്റെ പേരു തന്നെ പ്രശ്‌നമാണ് വാപ്പിച്ചാ..
നിങ്ങളോര്‍ക്കണം, ദക്ഷിണേന്ത്യയിലെ, മദ്രാസിലെ ,ഒരു കാമ്പസിനകത്ത് പോലും ഇതാണ് ജീവിതമെങ്കില്‍ ഉത്തരേന്ത്യന്‍ കാമ്പസുകളിലെ ജാതിവെറിയില്‍ എങ്ങിനെയാകും ഇനി കുട്ടികള്‍ പിടിച്ച് നില്‍ക്കുക?

രോഹിത് വെമുലക്ക് വേണ്ടി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ പോലും ഇനി ഉയരില്ല. ഭയം അഡ്മിന്‍ ഓണ്‍ലികളാക്കിയ മനുഷ്യരില്‍ നിന്ന് എന്ത് പ്രതിഷേധ സ്വരമാണ് പ്രതീക്ഷിക്കാനാവുക?
മനുഷ്യരെ പച്ചക്ക് അടിച്ച് കൊന്ന് വീഡിയോ ഷൂട്ട് ചെയ്തവര്‍ക്ക് വീര ചക്രം കൊടുത്ത് ആനയിക്കപ്പെടുന്ന കാലമാണിത്. നീതി ചവിട്ടിക്കൂട്ടി കൊട്ടയിലെറിയുന്ന നേരമാണിത്. തിളച്ച് മറിയേണ്ട തെരുവുകളില്‍ മഞ്ഞ് മലകളാണുള്ളത്. ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ പോലെ കുട്ടികള്‍ ഇനിയും ആത്മഹത്യാ കുറിപ്പുകള്‍ എഴുതുന്നത് തടയേണ്ടേ?
പുതപ്പിനുള്ളില്‍ നിന്ന് ഇനി ഞെട്ടിയുണരുക എന്ത് കേള്‍ക്കുമ്പോഴാണ്?

നാട്ടില്‍ ഇനി പ്രതിഷേധങ്ങളുയര്‍ത്താനുള്ള ചങ്കുറപ്പ് ആര്‍ക്കാണുള്ളത്?
ഇത് ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കാമ്പസ് വേര്‍ഷനാണ്. ജനാധിപത്യം ഊര്‍ദ്ധശ്വാസം വലിക്കുന്ന ഈ ഘട്ടത്തില്‍ മനുഷ്യത്വമുള്ളവര്‍ ഒന്നിച്ചിറങ്ങിയില്ലെങ്കില്‍ നമുക്ക് അനുശോചനം രേഖപ്പെടുത്താന്‍ പോലും ആരും ബാക്കിയുണ്ടാവില്ല.