നേതാക്കളുടെ തലയില്‍ സൂര്യനുദിക്കാതെ പാര്‍ട്ടിക്ക് പുതിയ ഉദയമുണ്ടാകില്ലെന്ന് നജീബ് കാന്തപുരം

കോഴിക്കോട്: സിപിഎം നേതാക്കളുടെ തലയില്‍ സൂര്യനുദിക്കാതെ പാര്‍ട്ടിക്ക് പുതിയ ഉദയമുണ്ടാകില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ത്രിപുര തെരഞ്ഞെടുപ്പിന് ശേഷമുള്ള മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് മനസ്സിലാകുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, കയ്യിലിരുപ്പിന് ഒരു മാറ്റവും വന്നിട്ടില്ല. രണ്ട് ചുറ്റും നടക്കുന്നതൊന്നും ഇപ്പോഴും മനസിലാവുന്നില്ല. ഈ രണ്ട് സ്വഭാവഗുണവും വെച്ച് നോക്കുമ്പോള്‍ ആയിരം കൊല്ലം തപസിരുന്നാലും സിപിഎം നേതാക്കള്‍ക്ക് വേണ്ടി സൂര്യനുദിക്കില്ലെന്ന് നജീബ് കാന്തപുരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ കൊടുത്തതാണ് പലിശയടക്കം തിരിച്ചു കിട്ടുന്നത്. നിങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള സകല പ്രദേശങ്ങളിലും ഈ അടിച്ചമര്‍ത്തല്‍ നിങ്ങള്‍ തുടരുമ്പോഴും ത്രിപുരയിലെ കഥ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ മോങ്ങുന്നത് അശ്ലീലമാണെന്ന് നജീബ് കാന്തപുരം പറയുന്നു.