Connect with us

Video Stories

നെരിപ്പോടണയാതെ നന്ദഗ്രാം

Published

on

 

 

 

കെ.എം. റഷീദ്,
വാസുദേവന്‍ കുപ്പാട്ട്‌

‘അമര്‍ നാം തൊമര്‍ നാം നന്ദിഗ്രാം… നന്ദിഗ്രാം…’ (ഞാനും നിങ്ങളും നന്ദിഗ്രാം, നന്ദിഗ്രാം)

കുടിയിരിപ്പുകളും കൃഷിഭൂമിയും കുത്തകകള്‍ക്ക് തീറെഴുതാന്‍ പശ്ചിമബംഗാളിലെ തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ പാവങ്ങളില്‍ പാവങ്ങളായ കര്‍ഷകരും കര്‍ഷക തൊഴിലാളികളും നന്ദിഗ്രാമില്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണിത്. ചോരയും നീരും മാത്രമല്ല, മനുഷ്യജീവന്‍ വരെ നല്‍കി നടത്തിയ ആ പോരാട്ടം വിജയം കണ്ടു. നന്ദിഗ്രാമിലെ അപക്വവും അപകടകരവുമായ രാഷ്ട്രീയതീരുമാനം വംഗഭൂമിയില്‍ 34 വര്‍ഷക്കാലം ഭരണം തുടര്‍ന്ന സി.പി.എമ്മിന്റെ അടിത്തറയിളക്കി. നന്ദിഗ്രാമിലെ കൃഷിഭൂമി തിരിച്ചുപിടിക്കാന്‍ ജനകീയ മുന്നേറ്റത്തിന് കഴിഞ്ഞു.
പ്രത്യേക സാമ്പത്തികവിഭാഗമെന്ന പേരില്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 2007 ജനുവരി മുതല്‍ മാര്‍ച്ച് വരെ നടന്ന പ്രക്ഷോഭത്തില്‍ 27 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. മാര്‍ച്ച് 14-ന് നടന്ന വെടിവെപ്പില്‍ മാത്രം 14 പേര്‍ മരിച്ചു. നാടിനെ ഇളക്കിമറിച്ച സംഭവം ചരിത്രത്തിന് വഴിമാറിയിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. സ്വത്തും ജീവനും ഭൂമിക്ക് വേണ്ടി ഹോമിച്ച മനുഷ്യരുടെ കുടുംബങ്ങളുടെ ജീവിതം നന്ദിഗ്രാമില്‍ ഇന്നും വലിയ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. രാപ്പകലില്ലാതെ അദ്ധ്വാനിച്ചാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഗ്രാമീണര്‍ക്ക് വികസനവും മെച്ചപ്പെട്ട ജീവിതവും ഇപ്പോഴും മരീചികയായി തുടരുന്നു. രോഗങ്ങളും പട്ടിണിയും നിറഞ്ഞ ബംഗാളിലെ ഗ്രാമീണ ജീവിതത്തിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.
ചെറുത്തുനില്‍പിന്റെയും ധീരതയുടെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുപൊങ്ങിയ നന്ദിഗ്രാമില്‍ ഇപ്പോള്‍ ഒച്ചയനക്കമില്ല. പത്ത് വര്‍ഷം മുമ്പുനടന്ന നടുക്കുന്ന സംഭവങ്ങള്‍ ഓര്‍ക്കാന്‍പോലും അവര്‍ ആഗ്രഹിക്കുന്നില്ല. ഭരണകൂടവും പാര്‍ട്ടികളും തമ്മില്‍ നടന്ന വടംവലിയിലേക്ക് എന്തിന് തങ്ങളെകൂടി വലിച്ചിഴക്കുന്നു എന്നവര്‍ ചോദിക്കുന്നു. 2007 ജനുവരി മൂന്നിന് ഇവിടത്തെ പതിനായിരം ഏക്കറോളം പ്രദേശം കെമിക്കല്‍ ഹബ്ബ് നിര്‍മാണത്തിന് പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചതോടെയായിരുന്നു ജനുവരി ആറിന് ബംഗാള്‍ ഭരണകൂടത്തെ തന്നെ അട്ടിമറിച്ച സമരങ്ങളുടെ തുടക്കം. ജനുവരി ആറിന് പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ വിശ്വജിത്ത് മൈത്തി, ഭാരത് മണ്ഡല്‍, ഷെയ്ക്ക് സലീം എന്നീ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഭൂമി ഉച്ചഡ് പ്രതിരോധ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ജനങ്ങളുടെ പോരാട്ടം. പൊലീസിനെ ഉപയോഗിച്ച് ഭരണകൂടം നടത്തിയ നരനായാട്ട് ഭീകരമായിരുന്നു. ഭീതിനിറഞ്ഞ അന്തരീക്ഷത്തില്‍ പലരും വീടുവിട്ടുപോയി. എന്നാല്‍ അവര്‍ക്ക് ഏറെക്കാലം അടങ്ങിയിരിക്കാനായില്ല. ചെറുത്തുനില്‍പിന്റെ സന്നാഹങ്ങളുമായി അവര്‍ തിരിച്ചെത്തി. മാര്‍ച്ച് 14-ന് പൊലീസ് വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. ഔദ്യോഗിക കണക്ക് ഇപ്രകാരമാണെങ്കിലും 17 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. പൊലീസ് അതിക്രമങ്ങളില്‍ പലപ്പോഴായി മൊത്തം 27 പേര്‍ കൊല്ലപ്പെട്ടതായി വസ്തുതാന്വേഷണ കമ്മിറ്റിയുടെ റിപ്പോട്ടില്‍ പറയുന്നു. ഏതായാലും നന്ദിഗ്രാമിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. ഈ കര്‍ഷകഗ്രാമം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പൊലീസും ഭരണകൂടവും ഇനിയും അതിക്രമത്തിന് മുതിരുമോ എന്ന ആശങ്ക അവര്‍ പങ്കുവെക്കുന്നു. അവരുടെ കണ്ണുകളില്‍ ഭീതിയുടെ നിഴലാട്ടം ഇപ്പോഴുമുണ്ട്.
നന്ദിഗ്രാമിലേക്കോ?
ചാന്ദ്‌നി ചൗക്കിലെ താമസസ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ രക്തിം ചാറ്റര്‍ജിയോട് നന്ദിഗ്രാമിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു:
‘എന്തിനാണ് നന്ദിഗ്രാമിലേക്ക്?’
‘ഒന്നുമില്ല. കാണാനാണ്?’
‘അവിടെ കാണാന്‍ ഒന്നുമില്ല.’
‘അതല്ല. വലിയ വാര്‍ത്തയായതല്ലേ?’
‘അത് പാര്‍ട്ടികള്‍ തമ്മിലുള്ള വടംവലിയായിരുന്നു. അവിടെ പോകരുത്.’
‘ആ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാണ് എന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.
ബി.കോം. ബിരുദധാരിയാണ് ചാറ്റര്‍ജി. ഇംഗ്ലീഷ്് അറിയാം. പത്രങ്ങള്‍ വായിക്കും. നല്ല ലോക പരിജ്ഞാനവുമുണ്ട്. പക്ഷേ, നന്ദിഗ്രാമിനെക്കുറിച്ചുള്ള മാറാത്ത ഭയം ഇപ്പോഴും അയാളുടെ ഉള്ളില്‍ കിടക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്ന് നന്ദിഗ്രാമിലേക്കുള്ള മണിക്കൂറുകള്‍ നീണ്ട യാത്രയിലും ഭയംനിറഞ്ഞ മുഖങ്ങള്‍ സാക്ഷികളായി.
നന്ദിഗ്രാം യാത്ര
കൊല്‍ക്കത്തയില്‍നിന്ന് നന്ദിഗ്രാം സോണചുര ഭാഗത്തെത്താന്‍ 152 കി.മീ. സഞ്ചരിക്കണം. ഏകദേശം ആറുമണിക്കൂര്‍ നീണ്ട യാത്ര. പക്ഷേ, ബംഗാളികള്‍ക്ക് പോലും അവിടേക്കുള്ള കൃത്യമായ ഗതാഗത മാര്‍ഗം അറിയാതിരുന്നത് അത്ഭുതകരമായി തോന്നി. രാവിലെ എട്ടിന് ധരംതല്ല ബസ് സ്‌റ്റേഷനില്‍ നന്ദിഗ്രാമിലേക്കുള്ള ബസിനെപ്പറ്റി ചോദിച്ചപ്പോള്‍ ആര്‍ക്കും ഒരു പിടിത്തവുമില്ല. അവിടേക്ക് ബസ്സില്ല എന്ന മറുപടിയാണ് തിരക്കിട്ട നടത്തത്തിനിടയില്‍ പലരും നല്‍കിയത്. ട്രെയിനുണ്ടോ എന്ന അന്വേഷണത്തിനും കൃത്യമായ ഉത്തരം കിട്ടിയില്ല.
ഒടുവില്‍, ബസ് സ്‌റ്റേഷന് മുന്നില്‍ കണ്ട പൊലീസുകാരന്‍ പറഞ്ഞു: ‘എട്ടാം നമ്പര്‍ കൗണ്ടറില്‍ ചോദിച്ചാല്‍ മതി.’ കൗണ്ടറിലിരുന്നയാള്‍ തുറിച്ചുനോക്കി. എന്നിട്ട് പറഞ്ഞു: ‘അവിടേക്ക് ബസ്സില്ല.’ മറ്റൊരാള്‍ പറഞ്ഞു: ‘ആറാം കൗണ്ടറില്‍ അന്വേഷിച്ചാല്‍ മതി.’ ആറാം കൗണ്ടറില്‍ ഇരുന്നയാളും പറഞ്ഞു: ‘ഇല്ല. ബസ്സില്ല’.
ഇതെല്ലാം കണ്ടുനിന്ന അടുത്ത വരിയില്‍ നിന്നവരാണ് കാര്യം വ്യക്തമാക്കി തന്നത്. നന്ദിഗ്രാമിലേക്ക് നേരിട്ട് ബസ്സില്ല. ചണ്ഡിപ്പൂരിലേക്ക് ബസ് കയറണം. അവിടെനിന്ന് നന്ദിഗ്രാമിലേക്ക് ജീപ്പ്, ട്രക്കര്‍ എന്നിവ കിട്ടും. ചണ്ഡിപ്പൂരിലേക്ക് ടിക്കറ്റെടുത്തു. ഒരാള്‍ക്ക് 70 രൂപ ടിക്കറ്റ്. ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്നു. കാല്‍ മണിക്കൂറോളം പിടിച്ചിട്ട് 8:45-ന് ബസ് അനങ്ങിത്തുടങ്ങി. ബലസോറ, ചാറ്റര്‍ജി ഭവന്‍, കോല്‍ഘട്ട്, രക്ഷാചൗത്ത് എന്നീ പ്രദേശങ്ങളിലൂടെ ബസ് നീങ്ങി. ദേശീയപാത 16-ലൂടെയാണ് യാത്ര. ചുറ്റും കൃഷിയിടങ്ങള്‍. പനകളും വാഴത്തോപ്പും ഇല്ലിമുളംകാടുകളുമായി കേരളത്തിന്റെ ബംഗാള്‍ പതിപ്പിലൂടെയാണ് യാത്ര. ഒഴിഞ്ഞ പറമ്പുകളും നിറഞ്ഞ ജനരഹിത വഴികളും യഥേഷ്ടം. വഴിയോരങ്ങളില്‍ ചുമരെഴുത്തുകളും കൊടികളുമെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിന്റേതുമാത്രം. സി.പി.എമ്മിന്റെ ബോര്‍ഡുകളോ ചുമരെഴുത്തുകളോ കൊടികളോ എവിടെയുമില്ല. പലയിടത്തും എ.ബി.വി.പിയുടെ ‘ചലോ കേരള എഗെയിന്‍സ്റ്റ് റെഡ് ടെററിസം’ ചുമരെഴുത്തുകള്‍. ചണ്ഡിപ്പൂരില്‍ ഇറങ്ങുമ്പോള്‍ 11.30.
വളരെ തിരക്കേറിയ അങ്ങാടിയാണ് ചണ്ഡിപ്പൂര്‍. പക്ഷേ, അതിനൊത്ത സൗകര്യമില്ല. വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടിരിക്കുന്നു. മാംസവും മത്സ്യവുമൊക്കെ നിലത്തുവെച്ചാണ് വില്‍പന. മത്സ്യത്തിന്റെ മണം പിടിച്ച് നായ്ക്കളും പൂച്ചകളും ചിരപരിചിതരെന്നപോലെ അലഞ്ഞു നടന്നു. ഇനി നന്ദിഗ്രാമില്‍ എത്തണമെങ്കില്‍ ജീപ്പ് പിടിക്കണം. അല്ലെങ്കില്‍ ട്രക്കര്‍. ബസ് സര്‍വീസ് അപൂര്‍വമാണ്. 20 കിലോമീറ്റര്‍ ദൂരം.
15 പേര്‍ക്ക് യാത്രചെയ്യാവുന്ന ജീപ്പില്‍ ഇരുപത്തിയഞ്ചിലേറെ പേര്‍ കയറും. സ്ത്രീകള്‍ അടക്കം തൂങ്ങിപ്പിടിച്ചാണ് യാത്ര. തിരക്ക് കൂടുന്ന സമയങ്ങളില്‍ ചെറുപ്പക്കാര്‍ ജീപ്പിന് മുകളിലും സ്ഥാനം പിടിക്കും.
ജീപ്പിനകത്ത് കയറിപ്പറ്റി സഹയാത്രികരോട് നന്ദിഗ്രാമിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരുടെയും മുഖം ഞങ്ങളുടെ നേര്‍ക്കായി. കേരളത്തില്‍നിന്ന് വന്നതാണെന്നും പത്ത് വര്‍ഷത്തിനുശേഷം എന്താണ് സ്ഥിതി എന്നറിയാനാണ് വന്നത് എന്നും പറഞ്ഞപ്പോള്‍ ഒരാള്‍ പരിചയപ്പെടാന്‍ വന്നു. രണദേവ് സത്ര. എല്‍.ഐ.സി. ഏജന്റാണ്. 55 വയസ്സായി. നേരത്തെ സി.പി.എം. പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ ടി.എം.സിയുടെ യൂനിറ്റ്തല ഭാരവാഹിത്വം വഹിക്കുന്നു. സി.പി.എമ്മിന്റെ മര്‍ദ്ദന നടപടികള്‍ കാരണമാണ് തങ്ങളെല്ലാം പാര്‍ട്ടി വിട്ടതെന്ന് രണദേവ് പറഞ്ഞു. ടി.എം.സി. മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ. നന്ദിഗ്രാമില്‍ എത്തിയാല്‍ വിവരം ശേഖരിക്കാന്‍ അവിടത്തെ പാര്‍ട്ടി പ്രവര്‍ത്തകനായ നദി തറപ് എന്നയാളുടെ നമ്പറും തന്നു.
നാല് മീറ്ററേയുള്ളൂവെങ്കിലും നല്ല റോഡിലൂടെയാണ് യാത്ര. തൃണമൂല്‍ സര്‍ക്കാര്‍ വന്നശേഷം നന്നാക്കിയതാണെന്ന് രണദേവ് പറഞ്ഞു.
എതിരെ വാഹനം വരുമ്പോള്‍ ജീപ്പ് റോഡരികിലേക്ക് ഒതുക്കിനിര്‍ത്തി യാത്രതുടരേണ്ടി വന്നു. വയലുകളും തടാകങ്ങളും നിറഞ്ഞ പ്രദേശങ്ങള്‍. വയലില്‍ കൊയ്ത്തിന്റെ തിരക്കാണ്. കറ്റ കൂട്ടിവെക്കുന്നതും തലയിലേറ്റി കൊണ്ടുപോകുന്നതും കാണാം. പശുക്കളും ആടുകളും കൂട്ടംകൂട്ടമായി മേയുന്നു. പോകെപ്പോകെ ജീപ്പില്‍ ആളൊഴിഞ്ഞു. ഞങ്ങള്‍ നന്ദിഗ്രാമിലെത്തിയിരിക്കുന്നു.
12:45 നന്ദിഗ്രാം
തിരക്കുപിടിച്ച അങ്ങാടിയാണ്് നന്ദിഗ്രാം. കുണ്ടും കുഴിയും നിറഞ്ഞ ടാര്‍ ചെയ്യാത്ത ബസ് സ്റ്റാന്റ.് ചുറ്റും ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂരയും അരികുകളും മറച്ച ചെറിയ കടകള്‍. കോണ്‍ക്രീറ്റ് നിര്‍മിതമായ ചില കെട്ടിടങ്ങള്‍ സമീപത്ത് തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും അങ്ങാടിയുടെ ഉണര്‍വ് ചെറിയ കടകള്‍ കേന്ദ്രീകരിച്ചാണ്. അടുത്ത് നടക്കാനിരിക്കുന്ന ബാലി ആഘോഷത്തിലേക്കുള്ള ഒരുക്കത്തിലാണ് എല്ലാവരുമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രക്തവും ജീവനും ചിതറി വീണ സംഘര്‍ഷത്തിന്റെ സ്മരണ പോലും പേറുന്നില്ല നന്ദിഗ്രാമെന്ന് തോന്നി. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും തിരക്കിട്ട് പോകുന്നു. ഇതിനിടക്ക് ബൈക്കില്‍ പറക്കുന്ന നന്ദിഗ്രാമിന്റെ കൗമാരം. തടാകത്തിന് അരികിലായി ഒരു പള്ളിയുണ്ട്. അവിടെ രണ്ടോ മൂന്നോ പേര്‍ നമസ്‌കാരത്തിന് എത്തിയിരിക്കുന്നു. അന്വേഷിച്ചപ്പോഴാണറിയുന്നത്് സംഘര്‍ഷം നടന്ന സോണാചുരയിലേക്ക് ഇനിയും 17 കിലോമീറ്റര്‍. പോകണം.
സമയം ഒരു മണിയായിരിക്കുന്നു. വെയിലിന് നല്ല ചൂട്. വിശപ്പ് സാന്നിധ്യമറിയിക്കുന്നു.
‘ഏതാണ്് നല്ല ഹോട്ടല്‍…’ ഒരാളോട് ചോദിച്ചു.
‘നല്ല ഹോട്ടല്‍…? അതാ ആ ഹോട്ടലിലേക്ക് പൊയ്‌ക്കോളൂ… നല്ല ഹോട്ടലാണ്.’
ചളിപുരണ്ട ചെറിയ ചായ്പ്പാണ് ഹോട്ടല്‍. കയറിയതോടെ പഴകിയ സബ്ജിയുടെ മണം മൂക്കിലേക്ക് ഇരച്ചുകയറി. ഉടന്‍ പുറത്തിറങ്ങി.
മറ്റൊരാള്‍ പറഞ്ഞു: ‘അതാ ആ കാണുന്നത് നല്ല ഹോട്ടലാണ്?’
നേരത്തെ കണ്ടതിനേക്കാള്‍ ദയനീയമായിരുന്നു അത്.
തകര ഷീറ്റുകൊണ്ട് മറച്ച ഷെഡില്‍ കയറി. ചോറ്റുപാത്രത്തില്‍ നിന്ന് കൈകൊണ്ട് നേരിട്ട് പ്ലേറ്റിലേക്ക് ചോറ് വാരിയിടുന്ന കാഴ്ച. ചോറ് ഏതായാലും ഒഴിവാക്കി. പൊറാട്ട ഓര്‍ഡര്‍ ചെയ്തു. പൊറോട്ടയും ഗ്രീന്‍പീസ് കറിയും കൂട്ടിക്കുഴച്ച നിലയില്‍ എത്തി. പൊറോട്ട ചെറുകഷ്ണങ്ങളായി മുറിക്കുന്ന ജോലിയും ഹോട്ടലുകാരന്‍ ഏറ്റെടുത്തിരുന്നു. നന്ദിഗ്രാമില്‍ എത്തിയെങ്കിലും സംഘര്‍ഷഭൂമിയുടെ കേന്ദ്രത്തിലേക്ക് ഇനിയും യാത്രചെയ്യണം. സോണാചുര.
നന്ദിഗ്രാമില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസുകള്‍ ഒന്നും കണ്ടില്ല. സി.പി.എം. ഓഫിസുകള്‍ ഉണ്ടായിരുന്നെന്നും സംഘര്‍ഷ ശേഷം എല്ലാം ജനങ്ങള്‍ അടപ്പിച്ചതാണെന്നും ടി.എം.സി. പ്രവര്‍ത്തകനായ സഞ്ജയ് മേദി പറഞ്ഞു. ബിരുദധാരിയായ ഇദ്ദേഹം ബിസ്‌ലേരി കമ്പനിയുടെ എക്‌സിക്യൂട്ടിവ് ആണിപ്പോള്‍. വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മയാണ് ഇപ്പോള്‍ നന്ദിഗ്രാമിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും സഞ്ജയ് പറഞ്ഞു.

സോണാചുര; ചോര വീണ മണ്ണ്്
നന്ദിഗ്രാമില്‍നിന്ന്് സോണാചുരയിലേക്ക് 17 കി.മീ. അവിടേക്ക് ബസ്സില്ല. 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ ഓട്ടോകളാണ് ആശ്രയം. 1.15-ന് യാത്ര തുടര്‍ന്നു. കുടുതല്‍ ഗ്രാമീണ മേഖലയിലൂടെയായിരുന്നു യാത്ര. ചെറിയ തോടുകളും തടാകങ്ങളും കടന്ന് വീട്ടിലേക്കുള്ള സാധനങ്ങളുമായി സ്ത്രീകളും ആയുധങ്ങളുമായി തൊഴിലാളികളുമെല്ലാം ഓട്ടോയില്‍ കയറി. വിശാലമായ വയലുകളുടെ നടുവിലൂടെയാണ് റോഡ്്. ഇവിടെ മുതലാണ് 2007 ജനുവരി മുതല്‍ മാര്‍ച്ച് വരെ ജനങ്ങള്‍ റോഡ് ഉപരോധിച്ചത്. എതിരെ ബൈക്കുകളല്ലാതെ മറ്റു വാഹനങ്ങള്‍ ഇല്ലായിരുന്നു. വിശാലമായ വയലിന്റെ ഓരങ്ങളില്‍ നാലും അഞ്ചും വീടുകള്‍ എന്ന രീതിയിലാണ് ജനവാസം. കൊയ്ത്തുകാലം കഴിഞ്ഞാല്‍ വീടിന് സമീപത്തെ തടാകങ്ങളില്‍ മീന്‍ വളര്‍ത്തും. മണ്ണുകൊണ്ട് നിര്‍മിച്ച വീടുകളാണ് ഏറെയും. തടാകത്തിനരികിലായി നൂറ് സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് മുറികളുള്ള വീടുകള്‍. ചുള്ളിക്കമ്പുകള്‍ അടുക്കിവെച്ച് അതില്‍ വയലിലെ ചെളി വാരിയെറിയും. അതാണ് ചുമര്‍. ഇടക്ക് ചളിവീഴാത്ത ഭാഗങ്ങള്‍ ജനലായി മാറും.
റോഡിന്റെ ഓരത്ത് വയലുകളില്‍ കൂട്ടം കൂട്ടമായി മണ്ണില്‍ തേച്ച വീടുകള്‍. ഇടക്കിടെ റോഡില്‍ മണ്‍കൂനകള്‍ പോലെ കണ്ടു. ചോദിച്ചപ്പോള്‍ െ്രെഡവര്‍ പറഞ്ഞു. പൊലീസ് വാഹനങ്ങള്‍ തടയാന്‍ നാട്ടുകാര്‍ റോഡില്‍ കുഴിച്ച കുഴികളായിരുന്നു. ഈയിടെയാണ് റോഡ് നന്നാക്കിയത്. 2:50-ന് സോണാചുരയില്‍ വാഹനം നിര്‍ത്തി. നിശ്ചലമായ അങ്ങാടിയാണ് സോണാചുര. അഞ്ചോ ആറോ കടകളാണുള്ളത്. പലതും അടഞ്ഞു കിടക്കുകയാണ്. അവിടവിടെ ഗ്രാമീണര്‍ ഇരിക്കുന്നു. ഞങ്ങളെ ഇറക്കി വണ്ടി മുന്നോട്ട് പോകവെ പലയിടങ്ങളില്‍നിന്നായി ആളുകള്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. വിവരങ്ങള്‍ അറിയാനുള്ള തുടക്കമെന്ന നിലയില്‍ അടുത്തുകണ്ട ചായക്കടയില്‍ കയറി. മണ്ണ് മെഴുകിയ തറ നനഞ്ഞ് കുഴിഞ്ഞിരിക്കുന്നു. ഓലകൊണ്ടും താര്‍പ്പായ കൊണ്ടുമുള്ള മേല്‍ക്കൂര പലയിടത്തായി കീറിയ നിലയിലാണ്. കടക്കാരിയെന്ന് തോന്നിക്കുന്ന യുവതി നിലത്തിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുകയാണ്. ‘ആയിയേ… ആയിയേ…’ വീടിന്റെ മുന്‍ഭാഗത്താണ് ചായക്കട. യുവതി അകത്തേക്ക് പോയി. ഒരു പുരുഷന്‍ പുറത്തേക്ക് വന്നു.
‘മൂന്ന് ചായ.’
ചളിനിറഞ്ഞതെന്ന് തോന്നിക്കുന്ന വെളളത്തില്‍ വര വീണ് വികൃതമായ ഗ്ലാസുകള്‍ കലമ്പുകയായിരുന്നു അയാള്‍.
എവിടെ നിന്നാണ് വെള്ളം എടുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ‘ചായയുണ്ടാക്കുന്നത് ഈ വെള്ളം കൊണ്ടല്ല.’ മൂന്ന് വലിയ പ്ലാസ്റ്റിക് കുപ്പികള്‍ ചൂണ്ടി പറഞ്ഞു: ‘അതുകൊണ്ടാണ്.’ ചെളി പുരണ്ട് വരകള്‍ നിറഞ്ഞ മൂന്ന് കുപ്പികള്‍.
‘എവിടെ നിന്നാണ് ഈ വെള്ളം എടുക്കുന്നത്?’
‘വയലില്‍ നിന്ന്.’
‘കിണര്‍ ഉണ്ടോ?’
‘ഇല്ല. ചെറിയ കുഴികള്‍ ഉണ്ടാക്കി അതില്‍ നിന്ന്.’
ദാരിദ്ര്യവും സങ്കടങ്ങളും മാലിന്യങ്ങളും കുഴമറിഞ്ഞ ജീവിതങ്ങള്‍.
സംഘര്‍ഷ സ്ഥലത്തേക്ക്് ഇനിയും രണ്ടു കിലോമീറ്റര്‍ പോകണമെന്ന് കടക്കാരന്‍ പറഞ്ഞു.
വീണ്ടും മോപ്പഡ് ഘടിപ്പിച്ച റിക്ഷയില്‍ യാത്ര. റിക്ഷക്കാരന് സംഘര്‍ഷഭൂമിയിലെ സ്മാരകം അറിയാം. അവിടേക്ക് പോകണമെങ്കില്‍ മുപ്പത് രൂപ നല്‍കണം. വാടക സമ്മതമാണെന്ന് പറഞ്ഞപ്പോള്‍ റിക്ഷക്കാരന്‍ റിക്ഷ സ്റ്റാര്‍ട്ടാക്കി. 2:50-ന് സ്മാരക ഭൂമിയിലെത്തി.

ശഹീദ് മിനാര്‍;
ഓര്‍മകളുടെ മിനാരം
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായി നിര്‍മിച്ച ശഹീദ് മിനാര്‍ ഇവിടെയാണ്. ഇപ്പോള്‍ ആ സ്ഥലത്തിന്റെ പേരും അതായിരിക്കുന്നു. വലിയ ഗേറ്റൊക്കെ ഉണ്ടായിരുന്നെങ്കിലും കാവല്‍ക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഒരു പ്രാര്‍ത്ഥനാ മന്ദിരം, ലൈബ്രറി, ഗസ്റ്റ്ഹൗസ്, ഡിസ്‌പെന്‍സറി എന്നിവ അടങ്ങുന്നതാണ് സ്മാരകം. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മക്ക് നിര്‍മിച്ച 130 അടി ഉയരമുള്ള രക്തസാക്ഷി സ്തൂപമാണ് കേന്ദ്രത്തിന്റെ പ്രധാന സവിശേഷത. 2007 മാര്‍ച്ച്് 14-ന് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും കെട്ടിടത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്്.
2.25 കോടി ചെലവില്‍ നിര്‍മിച്ച മണ്ഡപം കൊണ്ട് പ്രത്യേകിച്ച് ഗ്രാമീണര്‍ക്ക് ഒരു ഗുണവും ഇല്ലെന്ന് പ്രദേശവാസിയും മുന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനുമായ എസ്.ബി. പഹാഡി പറഞ്ഞു. പേരമക്കളായ സായന്തിക അഗസ്തി, അര്‍പിത പഹാഡി എന്നിവരോടൊപ്പം വൈകുന്നേര നടത്തത്തിന്് ഇറങ്ങിയതായിരുന്നു അദ്ദേഹം. ആളുകളുടെ കണ്ണില്‍ പൊടിയിടുക എന്നതില്‍ കവിഞ്ഞ്് സ്ഥാപനം കൊണ്ട് യാതൊരു ഗുണവുമില്ല. ലൈബ്രറിയില്‍ പുസ്തകങ്ങളൊന്നുമില്ല. ഗസ്റ്റ്ഹൗസില്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക് പ്രവേശനമില്ല. ഗ്രാമീണര്‍ അവിടെ താമസിക്കാന്‍ പോകാറുമില്ല. ഡിസ്പന്‍സറി ഒരു ചടങ്ങിന് നടക്കുന്നുവെന്നേയുള്ളൂ. ഡോക്ടര്‍മാരൊന്നും ഇവിടെ വരാറില്ല. സംഘര്‍ഷത്തിന് ശേഷം സര്‍ക്കാറുകള്‍ ഗ്രാമീണരോട് ചെയ്തത് കൊടുംചതിയാണെന്നാണ് പഹാഡിയയുടെ അഭിപ്രായം. ആളുകള്‍ക്ക് ഇപ്പോഴും ജോലിയോ ഉല്‍പന്നങ്ങള്‍ക്ക് വിലയോ ഇല്ല. ചെറിയ അസുഖങ്ങള്‍ക്ക് പോലും ചികിത്സ കിട്ടാന്‍ ഇരുപത് കിലോമീറ്റര്‍ സഞ്ചരിച്ച് നന്ദിഗ്രാമില്‍ പോകണം. അത്യാഹിത ചികിത്സക്ക് നൂറ്റമ്പത് കിലോമീറ്റര്‍ താണ്ടി കൊല്‍ക്കത്തയില്‍ എത്തിക്കുകയേ നിര്‍വാഹമുള്ളൂ. സംഭവത്തില്‍ കൊല്ലപ്പെട്ട ചില കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. മറ്റുചിലര്‍ക്ക് ഒന്നും ലഭിച്ചില്ല. പലരും ഈ നാട് തന്നെ വിട്ടുപോയി. മടങ്ങി വന്നില്ല. നെല്ല്, പച്ചക്കറികൃഷി, കാലി വളര്‍ത്തല്‍, മീന്‍ കൃഷി എന്നിവയാണ് ഗ്രാമീണരുടെ ജോലി. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ഉപരിപഠനം നടത്തുന്നവര്‍ അപൂര്‍വമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും ജോലിയില്ല. അതുകൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നുവെന്നേയുള്ളു. വെക്കോല്‍ മേഞ്ഞതാണ് വീടുകള്‍. അവ മഴക്കാലത്ത് തകര്‍ന്നുവീഴും. മഴ വന്നാല്‍ പട്ടിണിയാണ് ഗ്രാമീണര്‍ക്ക്. കെമിക്കല്‍ ഹബ് വന്നിരുന്നെങ്കില്‍ വികസന കാര്യത്തിലെങ്കിലും മാറ്റം വന്നേനെ -പഹാഡി പറഞ്ഞു.

ഭയം നിഴലിക്കുന്ന മുഖങ്ങള്‍
ശഹീദ് മിനാറില്‍നിന്ന് അല്‍പം ദൂരം കൂടിയുണ്ട് അങ്ങാടിയിലേക്ക്. ശഹീദ് മിനാറിന് എതിര്‍വശത്തായി അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ സ്ഥിരം ക്യാമ്പുണ്ട്. പാതി ബാരിക്കേഡ് ഇട്ട നിലയിലാണ് ഇപ്പോഴും റോഡ്. ഞങ്ങളെ കണ്ടതോടെ സംശയ ഭാവത്തില്‍ കാവല്‍ക്കാര്‍ നോക്കി. ഒന്നും ചോദിച്ചില്ല. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് നോക്കിനിന്നു.
ഗംഗാനദിയുടെ പോഷക നദിയായ ഹാല്‍ദിയ നദിയുടെ തീരത്താണ് അങ്ങാടി. ഇവിടെയും നാലഞ്ച് കടകള്‍ ഉണ്ടെങ്കിലും ഒന്നുമാത്രമേ തുറന്നിരുന്നുള്ളൂ. ബംഗാളി മാത്രമാണ് സംസാരഭാഷ. ഹിന്ദിയും ഇംഗ്ലീഷും തീരെ അറിയില്ല. തുറന്ന കടയില്‍ 2007-ലെ സംഘര്‍ഷത്തെ പറ്റി ചോദിച്ചു. അയാളൊന്നു തുറിച്ചുനോക്കി. പിന്നെ പറഞ്ഞു: ‘ഒന്നും അറിയില്ല.’ മറ്റൊരു ചെറുപ്പക്കാരന്‍ പറഞ്ഞു: ‘അറിയുന്ന ഒരാളെയും കൂട്ടി വരാം.’ അയാള്‍ തിരിച്ചുവന്നതേയില്ല. അപ്പോഴാണ് സൈക്കിളില്‍ വരുന്ന ചെറുപ്പക്കാരനെ കണ്ടത്. ബാപി ഗിരി എന്നാണ് പേര്‍. ബി.എസ്.സി. മാത്‌സ് ആണ് വിദ്യാഭ്യാസ യോഗ്യത. വീടുകളില്‍ ട്യൂഷന്‍ എടുത്താണ് ജീവിക്കുന്നത്.
കാര്യം പറഞ്ഞപ്പോള്‍, കടയിലെ ബഞ്ച് ചൂണ്ടി അയാള്‍ പറഞ്ഞു. നമുക്ക് ഇരുന്ന് സംസാരിക്കാം. പിന്നെ പറഞ്ഞു, വരൂ നമുക്ക് നദിക്കരയിലേക്ക് പോകാം.
പുറമെ പറഞ്ഞുകേട്ട കഥകളേക്കാള്‍ ഭീകരമായ കാര്യങ്ങളാണ് സമരനാളുകളില്‍ നടന്നതെന്ന് ബാപി ഗിരി പറഞ്ഞു. 14 പേരാണ് മരിച്ചതെന്ന് പറയുന്നതെങ്കിലും 17 പേര്‍ അതേദിവസം വെടിവെപ്പില്‍ മരിച്ചിട്ടുണ്ട്. അമ്പത് പേര്‍ക്ക് പരിക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, 75 പേര്‍ക്ക് പരിക്കേറ്റു. പലരും നാടുവിട്ടു. പരിക്ക് പറ്റിയ പലരും വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നു. ഗ്രാമത്തില്‍ എല്ലാ കുടുംബങ്ങളും സി.പി.എം. പ്രവര്‍ത്തകരായിരുന്നു. എന്നാല്‍, ഇപ്പോള്‍ അപൂര്‍വം പേരേയുള്ളു പാര്‍ട്ടി അനുഭാവികളായി. ഞങ്ങളുടെ കൃഷിഭൂമി സംരക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്തത്. ഭൂമി തിരിച്ചുകിട്ടി. പക്ഷേ, ലഭിക്കേണ്ട പലതും ഇപ്പോഴും കിട്ടിയിട്ടില്ല. ഞാനടക്കമുള്ളവര്‍ക്ക് ജോലിയില്ല. വീടുകളില്‍ ട്യൂഷന്‍ എടുത്താല്‍ തുച്ഛമായ വരുമാനമേ കിട്ടുകയുള്ളു. 36 വയസ്സായി. ഇപ്പോഴും വിവാഹം ചെയ്തിട്ടില്ല. ബാപി ഗിരി പറഞ്ഞുനിര്‍ത്തി. ഇപ്പോള്‍ ഗ്രാമത്തില്‍ സംഘര്‍ഷ സാധ്യതയൊന്നുമില്ല. പക്ഷേ, ഇനിയും ഇത്തരം പദ്ധതികള്‍ വന്നാല്‍ എന്താണ് ഉണ്ടാവുകയെന്ന് ഗ്രാമീണര്‍ക്ക് അറിയില്ല. സര്‍ക്കാര്‍ പല വാഗ്്ദാനങ്ങളും നല്‍കിയിരുന്നു. കാര്യമായി ഒന്നും ഉണ്ടായില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് നല്ല വില കിട്ടണം. ആശുപത്രിയും വിദ്യാഭ്യാസ സൗകര്യവും ഉണ്ടാവണം.
ഇപ്പോഴും ചില സി.പി.എമ്മുകാര്‍ ഇവിടെയുണ്ട്. അയാള്‍ പറഞ്ഞു. വെളുത്ത ജുബ്ബ ധരിച്ച മദ്ധ്യവയസ്‌കനെ ചൂണ്ടി ബാപി ഗിരി പറഞ്ഞു. ഗ്രാമീണരെ കൊന്നത് മാവോയിസ്റ്റുകളാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞങ്ങളാരും മാവോയിസ്റ്റുകളെ കണ്ടിട്ടില്ല. പക്ഷേ, ഇനിയൊരു സമരം ഉണ്ടായാല്‍ നന്ദിഗ്രാം ചെറുക്കുമോ എന്ന കാര്യം തീര്‍ത്തുപറയാന്‍ ബാപി ഗിരിക്ക് അറിയില്ല.
സംസാരിച്ചുകൊണ്ടിരിക്കെ, പതിയെ ആളുകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടുന്നത് ശ്രദ്ധയില്‍പെട്ടു. ബാപി ഗിരി സംസാരം പതുക്കെയാക്കുന്നതും കണ്ടു.
പകല്‍ ചായുകയാണ്. സമയം നാലുമണി കഴിഞ്ഞു. അഞ്ചുമണിയായാല്‍ ബംഗാള്‍ സന്ധ്യമയങ്ങും. പിന്നെ ദിക്കുകള്‍ ഇരുട്ടെടുത്തണിയും. സോണാചുരയില്‍നിന്ന് വൈകിയാല്‍ വാഹനങ്ങള്‍ കിട്ടില്ല. ഇരുപത് കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയാല്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തും. സോണാചുരയില്‍ നിന്ന് നന്ദിഗ്രാമിലേക്കുള്ള അവസാനത്തെ ട്രക്കറുകളിലൊന്നില്‍ കയറിപ്പറ്റി. അന്തിവെട്ടത്തില്‍ സോണാചുര അങ്ങാടി ഗ്രാമീണ ഉല്‍പന്നങ്ങളുടെ വിപണനത്താല്‍ സജീവമായിരുന്നു. വാഹനത്തിന്റെ മുകളില്‍കൂടി ആളുകള്‍ കയറിക്കഴിഞ്ഞിരുന്നു. ഇരുള്‍മൂടിയ വഴികള്‍ക്കപ്പുറം കുടിലുകളില്‍ ഗ്രാമീണ ജീവിതത്തിന്റെ പ്രത്യാശയെന്നോണം മുനിഞ്ഞുകത്തുന്ന വിളക്കുകള്‍…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending