പ്രതികൂലമായി വീണ്ടും സംസ്ഥാനസര്‍ക്കാരിന്റെ സത്യവാങ്മൂലം ദേശീയപാത 766ലെ ഗതാഗാതം പൂര്‍ണ്ണമായി നിരോധിച്ചേക്കും


കെ.എസ്. മുസ്തഫ

കല്‍പ്പറ്റ: പ്രതിഷേധങ്ങളും നിവേദങ്ങളും അവഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ അധികമായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ദേശീയപാത 766ലെ യാത്രാനിരോധനത്തിന് അനുകൂലമായി നിലപാട് കടുപ്പിച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിക്കാന്‍ സാധ്യതയേറി. സുപ്രീം കോടതിയില്‍ രാത്രിയാത്രാ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അഡീഷണല്‍ സത്യവാങ്മൂലത്തിലാണ് കടുവാസങ്കേതത്തിലെ കോര്‍ ഏരിയയിലെ ഗതാഗതം സംബന്ധിച്ച് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗതാഗതവകുപ്പാണ് ഫെബ്രുവരി 17ന് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കടുവാ സങ്കേതത്തിലെ കോര്‍ ഏരിയയില്‍ എല്ലാവിധത്തിലുള്ള പ്രവേശനവും നിരോധിക്കണമെന്നാണ് വന്യജീവിസംരക്ഷണ നിയമത്തിന് 38 വി 4 (1) വകുപ്പ്. ഈ നിയമം കര്‍ശനമായി നടപ്പാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. ഇത് സുപ്രീം കോടതി അഗീകരിച്ചാല്‍ പകല്‍ സമയത്ത് നിലവില്‍ ദേശീയ പാതയില്‍ തുടരുന്ന ഗതാഗതവും നിരോധിക്കപ്പെടും. ഫലത്തില്‍ ഇടതുസര്‍ക്കാരിന്റെ അഡീഷണല്‍ സത്യവാങ്മൂലത്തോടെ ദേശീയപാത 766ലെ ഗതാഗാതം പൂര്‍ണ്ണമായി നിരോധിക്കപ്പെടാനാണ് വഴിതെളിയുന്നത്.
പഴയ സത്യവാങ്മൂലത്തിലെ ഭാഗങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്താണ് സംസ്ഥാനം പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടാ ഗോണിക്കുപ്പ പാത ബദല്‍ പാതയാക്കി എന്‍.എച്ച് 766 പൂര്‍ണമായി അടച്ചുകൂടെ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് കേരളം കൃത്യമായ മറുപടി മറുപടി പറയുന്നില്ല. അതിനെ എതിര്‍ക്കുന്നുമില്ല. ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെയും കര്‍ണാടക സര്‍ക്കാരിന്റെയും വാദങ്ങള്‍ക്കുള്ള മറുപടിയും സത്യവാങ്മൂലത്തില്‍ ഇല്ല. അതേമസമയം സുപ്രീംകോടതി കമ്മിറ്റി മുമ്പാകെ കുട്ടാ ഗോണിക്കുപ്പ ബദല്‍ പാത വികസിപ്പിച്ചാല്‍ മതി എന്ന് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട് 2018 മാര്‍ച്ച് 6നും 2019 ഫെബ്രുവരി 18നും നല്‍കിയ സ്‌റ്റേറ്റ്‌മെന്റ് സത്യവാങ്മൂലത്തില്‍ നിഷേധിക്കുന്നുമില്ല. ഇതോടെ ബദല്‍ പാത മതിയെന്ന് സുപ്രീംകോടതിയുടെ കമ്മിറ്റി മുമ്പാകെ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എടുത്ത നിലപാടിന് ഔദ്യോഗിക അംഗീകാരം കൈവന്നിരിക്കുകയാണ്. സുപ്രീം കോടതി കേസ് മാര്‍ച്ച് 30 ലേക്ക് മാറ്റിവച്ച സാഹചര്യത്തില്‍ തിരക്കിട്ട് സത്യവാങ്മൂലം കഴിഞ്ഞദിവസം ഫയല്‍ ചെയ്തതിന് പിന്നിലെ കാരണവും ദുരൂഹമാണ്. നേരത്തേ വയനാട്ടിലെ എംഎല്‍എമാര്‍ക്കും ആക്ഷന്‍ കമ്മിറ്റിക്കും സത്യവാങ്മൂലത്തിന്റെ ഡ്രാഫ്റ്റ് നല്‍കി ചര്‍ച്ച നടത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കാതെയാണ് ധൃതിപ്പെട്ട് സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
കാട്ടിലൂടെയുള്ള ഗതാഗതത്തിന് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കരുത് എന്ന ആക്ഷന്‍ കമ്മിറ്റിയുടെ വാദം അവഗണിച്ചാണ് ഈ റോഡ് 24 കിലോമീറ്റര്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടടെ കടന്നുപോകുന്നു എന്ന് അഫിഡവിറ്റ് നല്‍കിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടതുപോലെ വനത്തിലൂടെയുള്ള ഗതാഗതത്തിന് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കിയാല്‍ റോഡ് അടച്ചു പൂട്ടാന്‍ മറ്റൊരു കാരണവും ആവശ്യമില്ല.

SHARE