പാക് സൈനിക മേധാവിയെ കെട്ടിപ്പിടിച്ചതിനെ വിമര്‍ശിച്ച ബി.ജെ.പിക്ക് സിദ്ദുവിന്റെ മറുപടി

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്‌വയെ കെട്ടിപ്പിടിച്ചതിനെ വിമര്‍ശിച്ച ബി.ജെ.പി നേതൃത്വത്തിന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ വായടപ്പന്‍ മറുപടി. അതൊരു ആലിംഗനം മാത്രമായിരുന്നു, അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല-സിദ്ദു പരിഹസിച്ചു.

ഇന്ത്യന്‍ സൈനികരെ സിദ്ദു അപമാനിച്ചുവെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ദു. നിങ്ങള്‍ ഈ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. പ്രതിരോധമന്ത്രി ഒരു പ്രസ്താവന ഇറക്കിയതുകൊണ്ട് സിദ്ദു ഇപ്പോള്‍ വലിയ പ്രശസ്തനായ നേതാവായി. അതൊരു ആലിംഗനമായിരുന്നു. അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല. ഗുര്‍സിഖുകള്‍ക്ക് നേരെ ഉയരുന്ന വെടിയുണ്ടകളായിരുന്നില്ല അത്- സിദ്ദു പറഞ്ഞു.

സൗഹൃദത്തിന്റെ പുറത്തുള്ള ഒരു ആലിംഗനത്തെ ഗൂഢാലോചനയായി കാണരുത്. ഒരു ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ രണ്ട് ടീമിലേയും താരങ്ങള്‍ തമ്മില്‍ ഹസ്തദാനം നടത്തില്ലേ? അതില്‍ എന്തെങ്കിലും അരുതായ്മയുണ്ടെന്ന് ആരെങ്കിലും പറയുമോ? ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് മുമ്പ് പാക് ക്യാപ്റ്റന്‍ ഹസ്തദാനത്തിന് കൈനീട്ടിയാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അദ്ദേഹത്തിന് പുറംതിരിഞ്ഞ് നില്‍ക്കുകയാണോ ചെയ്യുക? സിദ്ദു ചോദിച്ചു.

SHARE