എന്‍.സി.സിക്കാര്‍ക്ക് കരസേനയില്‍ അവസരം

കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ എന്‍.സി.സിക്കാര്‍ക്ക് അവസരം. 2019 ഒക്ടോബറില്‍ ആരംഭിക്കുന്ന 46ാമത് എന്‍സിസി സ്പെഷല്‍ എന്‍ട്രി (നോണ്‍ ടെക്നിക്കല്‍) സ്‌കീം പ്രവേശനത്തിന് അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്ക് 50 ഒഴിവും സ്ത്രീകള്‍ക്കു അഞ്ച് ഒഴിവുമാണുള്ളത്. അവിവാഹിതരായിരിക്കണം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഏഴ്.

പ്രായം: 1925 (1994 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉള്‍പ്പെടെ).

യോഗ്യത:

1. കുറഞ്ഞതു മൊത്തം 50 % മാര്‍ക്കോടെ അംഗീകൃത ബിരുദം/തത്തുല്യം.

2. എന്‍സിസിയുടെ സീനിയര്‍ ഡിവിഷന്‍/ വിങ്ങില്‍ കുറഞ്ഞതു രണ്ട് അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചിരിക്കണം.

3. എന്‍സിസിയുടെ ‘സി’ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് ബി ഗ്രേഡ് നേടിയിരിക്കണം.

യുദ്ധത്തില്‍ പരുക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതര്‍ക്കു സി സര്‍ട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല.

വ്യവസ്ഥകള്‍ക്കു വിധേയമായി അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ ആദ്യ രണ്ടു വര്‍ഷങ്ങളിലും 50% മാര്‍ക്ക് നേടിയിരിക്കണം. 2019 ഒക്ടോബര്‍ ഒന്നിനകം ബിരുദ ജയത്തിന്റെ തെളിവ് ഹാജരാക്കുകയും വേണം.

ശാരീരിക യോഗ്യത: കരസേനാ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകര്‍.

തിരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റര്‍വ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ എസ്എസ്ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റര്‍വ്യൂ. എസ്എസ്ബി ഇന്റര്‍വ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റര്‍വ്യൂ. ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടാല്‍ തിരിച്ചയയ്ക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി യാത്രാബത്ത നല്‍കും.

പരിശീലനം: ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ച പരിശീലനമുണ്ടാകും. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഫ്റ്റനന്റ് പദവി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ www.jo-inindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഇതില്‍ ഒന്നില്‍ അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ നിശ്ചിത സ്ഥാനത്ത് ഉദ്യോഗാര്‍ഥി ഒപ്പിടണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം എസ്എസ്ബി ഇന്റര്‍വ്യൂവിനു സിലക്ഷന്‍ സെന്ററില്‍ ഹാജരാക്കണം. അപേക്ഷാഫോമിന്റെ ഒരു പ്രിന്റ്് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ അസലും കയ്യില്‍ കരുതണം.

ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂര്‍ണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

SHARE