Connect with us

Video Stories

വര്‍ഗീയതയുടെ കാലത്തെ ‘മീശ’യുടെ മാനങ്ങള്‍

Published

on

മുഖ്താര്‍ ഉദരംപൊയില്‍

എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങള്‍ അടങ്ങിയിട്ടില്ല. രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണ ശകലമാണ് വിവാദമായതും അതിവായനകളിലൂടെ സംഘപരിവാര്‍ സംഘം ഉപയോഗപ്പെടുത്തിയതും. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ഹിന്ദുത്വതീവ്ര സംഘടനകള്‍ രംഗത്ത് വരികയും ആക്രമണ ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എഴുത്തുകാരന്‍ തന്റെ നോവല്‍ പിന്‍വലിക്കുന്നത്.

നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഹരീഷിന്റെ കുറിപ്പ് പുതിയ ലക്കം ആഴ്ചപ്പതിപ്പില്‍ നല്‍കിയിട്ടുണ്ട്.

”മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എന്റെ നോവല്‍ മീശ മൂന്നു ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍, നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.

എനിക്കുനേരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍, അതിലുപരി എന്റെ ഭാര്യയുടെയും രണ്ടു കൊച്ചുകുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യ പ്രചാരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും മരിച്ചുപോയ അച്ഛനെയും അപവാദം പറയുന്നു. വനിതാ കമ്മീഷനിലും വിവിധ പോലീസ് സ്‌റ്റേഷനുകളിലും എനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നു.

അതുകൊണ്ട് നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. എഴുത്ത് തുടരും..’

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് നോവലിന് നേരെ വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്. ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ മീശ എന്ന നോവല്‍. രണ്ടു തരത്തില്‍ ഈ സംഭാഷണത്തെ നോവലിന്റെ ഉള്ളടക്കവുമായി ചേര്‍ത്തുവായിക്കാമായിരുന്നു. ഒന്ന് അന്‍പത് കൊല്ലം മുമ്പത്തെ ദളിത് ജീവിത വ്യവസ്ഥയില്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സാഹചര്യങ്ങളോടുള്ള ശക്തമായ വിമര്‍ശനം. രണ്ട്, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ആരാധാനാലയത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനെതിരെയുള്ള പ്രതിഷേധം. ആദ്യത്തേത് ജാതി പക്ഷത്ത് നിന്നും രണ്ടാമത്തേത് സ്ത്രീ പക്ഷത്തുനിന്നുമുള്ള പ്രതികരണമായി വായിക്കാവുന്നതാണ്. എന്നാല്‍ സംഭാഷണത്തെ വാക്കര്‍ത്തത്തില്‍ അടര്‍ത്തിമാറ്റുമ്പോള്‍ തീര്‍ത്തും അപകടകരമായ പരാമര്‍ശമായി അതു മാറി. സ്ത്രീ വിരുദ്ധമായും ക്ഷേത്ര വിശ്വാസ സങ്കല്‍പങ്ങളെ വ്രണപ്പെടുത്തുന്നതായും അതു വായിച്ചെടുക്കാനുമാവും. എന്നാല്‍ ഒരു നോവല്‍, അതിലെ കഥാപാത്രങ്ങള്‍ എന്താണ്, എങ്ങനെയാണ് പറയാനും ചെയ്യാനും പോവുന്നതെന്ന് നോവല്‍ മുഴുവനായി വായിച്ചാല്‍ കിട്ടുന്ന ഉത്തരമാണ്. ചിലപ്പോള്‍ ആ സംഭാഷണ ശകലത്തിന്റെ അര്‍ഥവും കാരണവും രാഷ്ട്രീയവും തുടര്‍ഭാഗങ്ങളില്‍ ഉണ്ടായിക്കൂടെന്നില്ലല്ലോ. വെട്ടിയെടുത്ത ആ ഭാഗം ഒറ്റക്കാഴ്ചയില്‍ ഹിന്ദുതീവ്രവാദികളെ മാത്രമല്ല ഹിന്ദു വിശ്വാസികളെ കൂടി വേദനിപ്പിക്കുന്നതാണ്.

എന്നാല്‍ തന്നെയും മതങ്ങളുടെ കാഴ്ചപ്പാടുകളെയും അവയുടെ വിശ്വാസാദര്‍ശങ്ങളെയും വിമര്‍ശിക്കുന്നത് ആക്രമിക്കപ്പെടാനുള്ള കാരണമാവുന്നതെങ്ങനെയാണ്. അതല്ലല്ലോ നമ്മുടെ പാരമ്പര്യം. എഴുത്തുകാരന്റെ ഭാര്യക്കും കുടുംബത്തിനുമെതിരെ നടത്തിയ കടന്നാക്രമങ്ങളെ എങ്ങനെയാണ് ന്യായീകരിക്കാനാവുക. ഭാര്യയുടെ ചിത്രമടക്കം അശ്ലീലമായി പ്രചരിപ്പിച്ചുള്ള ആക്രമണം എങ്ങനെയാണ് സ്ത്രീവിരുദ്ധമല്ലാതാവുന്നതും മഹത്തായ ഭാരത സംസ്‌കാരമാവുന്നതും.

കുട്ടി വീട്ടിലെത്തില്ല എന്നായിരുന്നല്ലോ ഭീഷണിയുടെ മൂര്‍ധന്യത.

വര്‍ഗീയതയുടെ വര്‍ത്തമാന കാലത്ത്, സ്ത്രീപക്ഷ വായനകളുടെ കാലത്ത് ചിന്തിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാവും. മീശക്ക് വര്‍ഗീയതയുടെ കാലത്തെ മാനങ്ങള്‍ വലുതാണ്’ എന്ന് ശാരദക്കുട്ടി എഴുതിയത് കൂട്ടിവായിക്കേണ്ടതാണ്.

നോവലിലെ സംഭാഷണ ശകലത്തോട് സകല ശക്തിയോടെയും വിയോജിക്കേണ്ടി വന്നാലും അതിന്റെ പേരില്‍ നോവല്‍ പിന്‍വലിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല നല്‍കുന്നത്. പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്ന് ധൈര്യം പകര്‍ന്ന കേരളത്തിലാണിത് സംഭവിക്കുന്നത്. സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയം കളിക്കാനും വിശ്വാസികളുടെ വികാരമുണര്‍ത്തി ലക്ഷ്യം നേടാനുമുള്ള സാഹചര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഹരീഷിന്റെ അനുഭവം കേരളത്തില്‍ ആദ്യത്തേതല്ല. അടുത്ത കാലത്തായി പലവിധത്തില്‍ സര്‍ഗാവിഷ്‌കാരങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. എല്ലാവിധ സര്‍ഗാത്മക ഇടപെടലുകളിലും കൈക്കടത്തി നില്‍ക്കുകയാണ് ഫാസിസം. ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് കമല്‍ സി ചവറക്കെതിരെയുണ്ടായ ആക്രമണം നാം മറന്നുപോയി. സെക്‌സി ദുര്‍ഗ എന്ന സിനിമാപ്പേരിന്റെ പേരിലുണ്ടായ കോലാഹലങ്ങളും നാം മറന്നു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ശക്തിപ്രാപിക്കുന്ന അസഹിഷ്ണുതയെ സര്‍ഗാത്മകമായി നേരിടാനുള്ള കരുത്ത് ആര്‍ജിക്കാന്‍ മതേതര ശക്തികളും തോറ്റുപോവുന്നു.

സംഘ് പരിവാര്‍ ശക്തികള്‍ക്ക് പ്രചോദനം നല്‍കുന്ന ഇടപെടലുകളാണ് പലപ്പോഴും സെക്കുലറാണെന്ന് നടിക്കുന്നവരില്‍ നിന്ന് പോലും ഉണ്ടാവുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥക്ക് നേരെയുണ്ടായ ‘വര്‍ഗീയമായ’ ആക്രമണം സമൂഹത്തിലുണ്ടാക്കുന്ന ചീത്തഫലങ്ങള്‍ ഇനിയും തിരിച്ചറിയാതെ പോവരുത്. ഭാഷാപോഷിണിയില്‍ ചിത്രകാരന്‍ ടോം വട്ടക്കുഴി വരച്ച ചിത്രം ക്രിസ്തുമത വിശ്വാസികളെ വേദനിച്ചിപ്പിച്ചെന്നാരോപിച്ച് വിപണിയിലിറങ്ങിയ മുഴുവന്‍ പതിപ്പും പിന്‍വലിച്ച് ചിത്രം മാറ്റിയിറക്കിയതും അടുത്ത കാലത്താണ്.

സംഘി ഒരു സംഘടനയുടെ പേരല്ല, ഒരു മനോഭാവത്തെ ഉള്‍ക്കൊള്ളുന്ന പദമാണെന്ന് മീശ വിവാദം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരായ പ്രതികരണങ്ങള്‍ പലപ്പോഴും ഹിന്ദു വിശ്വാസത്തിനും വിശ്വാസികള്‍ക്കുമെതിരായി പോവുന്നുണ്ട്. അത് സംഘ് പരിവാറിന് ഗുണമാണ് ചെയ്യുക. തീവ്രസ്വഭാവമുള്ള മുസ്‌ലിം സംഘടനകളെ വിമര്‍ശിക്കുമ്പോള്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക വിശ്വാസങ്ങളെയും കടന്നാക്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പാണിത്. ചില വൈദികര്‍ ബലാത്സംഗക്കേസിലായ പശ്ചാത്തലത്തില്‍ നടന്ന ഇടപെടലുകളിലും ഈ രീതി കാണാം. ആശയത്തെ ആശയം കൊണ്ട് നേരിടണം. ആരോഗ്യകരമായ സംവാദത്തിന് ഇത്തരം വിവാദങ്ങള്‍ സാധ്യത തുറക്കണം. പ്രതികരണങ്ങളും പ്രതിഷേധങ്ങളും കൃത്യമായ അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെടേണ്ടത്.

സര്‍ക്കാര്‍ വരെ ഹരീഷിന് പിന്തുണ പ്രഖ്യാപിച്ചു. ഹരീഷ് നോവല്‍ പിന്‍വലിച്ചത് ജലദോഷം വന്നിട്ടല്ല. ഹിന്ദു തീവ്രവാദികളുടെ ഭീഷണി കാരണമാണ്. കൊന്നുകളയുമെന്നുതന്നെയായിരുന്നു ഭീഷണി. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തില്ലെന്നാണ് ഭീഷണി. പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കുമ്പോഴല്ലേ പിന്തുണ സത്യസന്ധമാവുന്നത്.

ഹരീഷിന് പരാതിയില്ലെന്ന് പറയുന്നു. ശരിയാണ്, അതിനുള്ള കാരണവും ഹരീഷിന്റെ കുറിപ്പിലുണ്ട്.

‘എന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നിയമ നടപടിക്ക് ശ്രമിക്കുന്നില്ല. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല.’

പോരാടാനുള്ള കരുത്ത് നല്‍കാന്‍ നിയമ നടപടികളിലൂടെ സാധിക്കില്ലേ. അതു സര്‍ക്കാറിന്റെയും സകല രാഷ്ട്രീയ സംഘടനകളുടെയും ബാധ്യത കൂടിയല്ലേ. അതോ കൊന്നു തള്ളിയാലേ കേസെടുക്കാനും അന്വേഷണം നടത്താനും നിയമമുള്ളുവെന്നാണോ.അഭിമന്യുവിന്റെ ലൈബ്രറിയിലേക്ക് പുസ്തകം കൊടുക്കാനുള്ള താല്‍പര്യം കൊലയാളികളെ കണ്ടെത്താന്‍ കാണിക്കാത്തതുപോലെ, ഹരീഷ് എഴുത്ത് നിര്‍ത്തരുതെന്ന പിന്തുണപ്പെടുന്നതിനപ്പുറം രാഷ്ട്രീയമായി പിന്തുണക്കാന്‍ സാധിക്കാത്തത് മലയാളിയുടെ കപടതയല്ലേ.

സമൂഹം വൈകാരികത അടങ്ങി പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ നോവല്‍ പുറത്തിറക്കുമെന്നാണ് ഹരീഷ് പറയുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ആ നോവല്‍ പൂര്‍ണമായി കേരളം വായിച്ചിരിക്കേണ്ടതാണ്. അത് മുഴുവനായി വായിക്കപ്പെടുന്നത് ഇവിടത്തെ സംഘ് പരിവാര്‍ ശക്തികളെ ഇപ്പോള്‍ കിട്ടിയ ‘സംഭാഷണ കട്ടിംഗി’നേക്കാള്‍ വിളറിപിടിപ്പിക്കും. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതം അത്ര രസത്തില്‍ വായിച്ചുപോകാനാവുന്നതല്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending