കുടിയേറ്റത്തിനെതിരെ കൂടുതല്‍ നടപടികളുമായി ട്രംപ്; യു.എസില്‍ പ്രവാസികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇനി പൗരത്വമില്ല

വാഷിങ്ടണ്‍: കുടിയേറ്റത്തിനെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. യു.എസില്‍ പ്രവാസികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്ന രീതിക്ക് മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു.

കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡൊണാള്‍ഡ് ട്രംപ്. ‘ഒരാള്‍ ഇവിടെ വരുന്നു. അയാള്‍ക്ക് കുഞ്ഞുണ്ടാകുന്നു. ആ കുഞ്ഞിനു യു.എസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വര്‍ഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യു.എസില്‍ മാത്രമാണ്. തികച്ചു വിഡ്ഢിത്തമാണിത്’-ട്രംപ് പറഞ്ഞു.

ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഈ അവകാശം സാധാരണ നിലക്ക് എടുത്തുമാറ്റാനാവൂ. എന്നാല്‍ പ്രസിഡണ്ടിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ട്രംപിനെ അറിയിച്ചെന്നാണ് സൂചന. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണിത്.

SHARE