സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ കാര്യം അറിയിച്ചത്. കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര് രോഗമുക്തി നേടി.

31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,926 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 64 പേരെ ആശുപത്രികളില്‍ പുതുതായി പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

6,103 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയത്. 5185 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 2921 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു ഇതില്‍ 2342 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

SHARE