ബിസിസിഐ സെക്രട്ടറിയായതിന് പിന്നാലെ ജയ് ഷായുടെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി കാരവന്‍

ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിക്കെതിരെ പുതിയ ആരോപണവുമായി കാരവന്‍ മാഗ്‌സില്‍. ജെയ് ഷായുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെട്ടതായി വ്യക്തമാക്കി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡുചെയ്ത രേഖകളിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് മാഗ്‌സിന്‍ രംഗത്തെത്തിയത്. കുസും ഫിന്‍സെര്‍വ് എല്‍എല്‍പി സമര്‍പ്പിച്ച വ്യാപാര രേഖകള്‍ കമ്പനിയുടെ ആസ്തി കുതിച്ചുയര്‍ന്നതായി കാരവന്‍ മാഗ്‌സില്‍ റിപ്പോര്‍ട്ട് ചെയ്തു. ജെയ് ഷാ ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനത്ത് നില്‍ക്കുന്ന ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനിയാണ് കുസും ഫിന്‍സര്‍വ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, 2015 നും 2019 നും ഇടയില്‍ ജയ് ഷായുടെ കുസും ഫിന്‍സെര്‍വിന്റെ മൊത്തം മൂല്യം 24.61 കോടി രൂപ ഉയര്‍ന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

കമ്പനിയുടെ അറ്റ സ്ഥിര ആസ്തി 22.73 കോടി രൂപയായി വര്‍ദ്ധിച്ചു, നിലവിലെ ആസ്തി 33.05 കോടി രൂപയും മൊത്തം വരുമാനം 116.37 കോടി രൂപയുമായാണ് വര്‍ദ്ധിച്ചത്.

ബിജെപി അധ്യക്ഷന്റെ മകന്‍ രാജ്യത്ത് പണമൊഴുക്കുന്ന ക്രിക്കറ്റ് ലോകത്തിന്റെ അമരക്കാരനായി ഉദിച്ച അവസരത്തിലാണ് വിവാദ കണക്കുകള്‍ പുറത്തു വരുന്നത്. ഒക്ടോബര്‍ പകുതിയോടെയാണ് ജെയ് ഷായെ ബിസിസിഐയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

മുന്‍വര്‍ഷങ്ങളില്‍ മോശം സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നിട്ടും ക്രെഡിറ്റ് സൗകര്യങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവാണ് ജെയുടെ കമ്പനി നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ ജെയ് ഷായുടെ കമ്പനി നഷ്ടത്തിലായിരുന്നെന്ന വാര്‍ത്തകളുണ്ടായിരുന്നു. മകന്റെ സ്ഥാപനത്തിന്റെ നഷ്ടം വീട്ടാനായി 2016 ല്‍ അമിത് ഷാ തന്റെ രണ്ട് സ്വത്തുക്കള്‍ പണയംവച്ച് 25 കോടി രൂപയുടെ സഹായം നടത്തിയിരുന്നു.

എല്ലാവര്‍ഷനും ഒക്ടോബര്‍ 30 നകം എല്‍എല്‍പി കമ്പനികള്‍ അവരുടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യേണ്ടതുണ്ട്. അതില്‍ വീഴ്ചവരുത്തുന്നത് ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനി നിയമപ്രകാരം 5 ലക്ഷം രൂപ വരെ പിഴ അടക്കേണ്ട കുറ്റമാണ്. എന്നാല്‍ പുതിയ ബിസിസിഐ സെക്രട്ടറിയുടെ കമ്പനി ഇതിലും വീഴ്ച്ച വരുത്തിയതായാണ് വിവരം. 2017, 2018 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ കമ്പനി ഇനിയും സമര്‍പ്പിച്ചിട്ടില്ല. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികളെ പൂട്ടി്ക്കുന്ന ബിജെപി സര്‍ക്കാരും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും തുടര്‍ച്ചയായി രണ്ട് വര്‍ഷം ജെയുടെ കുസും കമ്പനിയെ കാണാത്ത നിലയാണ്.

ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിക്കുമെതിരെ നിരവധി ആരോപണണങ്ങളാണ് നിലവില്‍ രംഗത്തുള്ളത്.

ശുഷ്‌കമായ സാമ്പത്തിക നിലയിലും ക്രമാതീതമായ തോതില്‍ വായ്പ തരപ്പെടുത്താനുള്ള ‘ശേഷി’ കൂട്ടുകയും ഒപ്പം ലാഭം അവിശ്വസനീയമായ തരത്തില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജയ് ഷായുടെ മറ്റൊരു കമ്പനി ടെമ്പിള്‍ എന്റര്‍െ്രെപസസും സമാനമായ രീതിയിലാണ് ലാഭം കാണിച്ചത്. എന്നാല്‍ ഈ ഇടപാടുകളില്‍ ജയ് ഷായ്ക്ക് മാത്രമല്ല പങ്കെന്നും അമിത് ഷായും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍
അദ്ദേഹത്തിന്റെ പങ്ക് 2017ലെ രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികയില്‍ നിന്ന് മറച്ചുവച്ചതായുമാണ് വിവരങ്ങളാണ് കാരവന്‍ മാഗസിന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ബി.സി.സി.ഐയുടെ നേതൃസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനെ കുടിയിരുത്തിയതിലും വിവാദം നിലവിലുണ്ട്. ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെങ്കിലും ജയ് ഷായെ ബി.സി.സി.ഐയുടെ സെക്രട്ടറിയാക്കിയത് എല്ലാം നിയന്ത്രിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.
ഗാംഗുലിയും പുതിയ സംഘവും ഒരുമിച്ചുള്ള ചിത്രത്തില്‍ ജയ് ഷാ കസേരയില്‍ ഇരിക്കുമ്പോള്‍ അധ്യക്ഷനായ ഗാംഗുലി അടക്കമുള്ള മറ്റുള്ളവര്‍ പിറകില്‍ നില്‍ക്കുന്നതുമാണ് ചിത്രം വിവാദമായിരുന്നു. ഗാംഗുലിക്ക് പേരിനൊരു അധ്യക്ഷനും അമിത്ഷായുടെ മകനിലാണ് നിയന്ത്രണവുമെന്നാണ് ഈ ചിത്രം ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ലോകം ചോദിക്കുന്നത്.

SHARE