രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : സര്‍ഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നിര്‍വഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാര്‍ഗം സ്വീകരിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്ന് പാണക്കാട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

ക്യാമ്പസ്സുകളില്‍ സര്‍ഗ്ഗാത്മകതയുടെ നിലനില്‍പ്പിനും മതേതര ജനാതിപത്യ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എം.എസ്.എഫ് നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്നും, മറ്റു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് മാതൃകയാണു എം.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്യാമ്പസ്സുകളില്‍ വര്‍ഗ്ഗീയ-അക്രമ രാഷ്ട്രീയംകൊണ്ട് അരാജകത്വം സൃഷ്ടിക്കുമ്പോള്‍ എം.എസ്.എഫ് ഉയര്‍ത്തിപിടിച്ച കഠാര വെടിയുക തൂലികയേന്തുക എന്ന മുദ്രാവാക്യം ഏറെ പ്രസക്തമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കഠാര വെടിയുക, തൂലികയേന്തുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെയും, സെക്രട്ടറി എം.പി നവാസിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പസ് യാത്രയുടെ മലപ്പുറം ജില്ലയിലെ രണ്ടാം ദിനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് വി.കെ ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.