എല്ലാം വളരെ പെട്ടെന്നായിരുന്നു..

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തീരുമാനമെടുത്തത് അവസാന നിമിഷമെന്ന് സൂചന. ഇടപാടിനു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് നരേന്ദ്രമോദിയേയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ അവസാന ഘട്ടമായ എക്‌സിറ്റ് കോണ്‍ഫറന്‍സ് നടന്നത് കഴിഞ്ഞയാഴ്ച മാത്രമാണ്. ഓഡിറ്റര്‍മാരും സര്‍ക്കാറുമായുള്ള ചര്‍ച്ചകളാണ് എക്‌സിറ്റ് കോണ്‍ഫറന്‍സ്. ഇതിനു പിന്നാലെ റിപ്പോര്‍ട്ട് തയ്യാറായതായി സി.എ.ജി വൃത്തങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ടി പ്രിന്റിങിന് അയച്ചത്. ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സഭയുടെ മേശപ്പുറത്തു വെക്കുകയും ചെയ്യും.
കഴിഞ്ഞ ഏതാനും വര്‍ഷത്തെ മൊത്തം പ്രതിരോധ ഇടപാടുകളെക്കുറിച്ചാണ് സി.എ.ജി പരിശോധിച്ചത്. പല ഇടപാടുകളില്‍ ഒന്നു മാത്രമായാണ് റഫാല്‍ ഇടപാടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ട്രി കോണ്‍ഫറന്‍സ് ലെവലില്‍ ആണ് ആദ്യം പരിശോധന നടന്നത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ടു സ്വീകരിച്ചിരിക്കുന്ന നടപടി ക്രമങ്ങളാണ് പരിശോധിച്ചതെന്ന് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഒരു സി.എ.ജി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഡയരക്ടര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് ഓഡിറ്റിന്റെ അധ്യക്ഷതയിലാണ് എക്‌സിറ്റ് കോണ്‍ഫറന്‍സ് നടന്നത്. ഓഡിറ്റര്‍മാരുടെ ഓരോ ശിപാര്‍ശകളും സംബന്ധിച്ച സി.എ.ജി വിലയിരുത്തലുകള്‍ ഇതിനു ശേഷമാണ് തയ്യാറാക്കിയതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2001ല്‍ വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് റഫാല്‍ ഇടപാടിലെ പ്രാഥമിക നടപടികള്‍ തുടങ്ങിയത്. ഫ്രാന്‍സില്‍നിന്ന് 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായിരുന്നു പദ്ധതി. 18 എണ്ണം പറക്കാന്‍ സജ്ജമായ നിലയില്‍(ഫ്‌ളൈ എവേ കണ്ടീഷന്‍) നേരിട്ട് വാങ്ങാനും ശേഷിക്കുന്ന 108 എണ്ണം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ വച്ച് നിര്‍മ്മിക്കാനുമായിരുന്നു തീരുമാനം.- 2007 ഓഗസ്റ്റില്‍ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഇതുസംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടന്നത്. നെഗോഷിയേഷന്‍(വില ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ വില പേശലുകള്‍) ഏറെ മുന്നോട്ടു പോയെങ്കിലും യു.പി.എ സര്‍ക്കാറിന്റെ കാലത്ത് അന്തിമ കരാറിലെത്താനായില്ല. തുടര്‍ന്ന് 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വാജ്‌പേയി സര്‍ക്കാറിന്റെയും മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെയും കാലത്തു നടന്ന ഇടപാടു ചര്‍ച്ചകളിലെ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുകയും 126 യുദ്ധ വിമാനങ്ങള്‍ക്കു പകരം 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി ധാരണയിലെത്തുകയുമായിരുന്നു. 2015 ഏപ്രിലിലാണ് ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടായത്. ഒരു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടു.
യു.പി.എ സര്‍ക്കാറിന്റെ കാലത്തു നടന്ന ചര്‍ച്ചകളില്‍ ഒരു റഫാല്‍ യുദ്ധ വിമാനത്തിന് 526 കോടി രൂപയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത് 1670 കോടി രൂപക്കാണ്. യു.പി.എ കാലത്തേതിനേക്കാള്‍ രണ്ടിരട്ടി കൂടുതല്‍ വിലക്ക്. കൂടിയ വിലക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ വന്‍ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനു വേണ്ടി നേരിട്ട് ഇടപെട്ടുവെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. കരാറില്‍നിന്ന് ഇടക്കുവച്ച് പിന്‍വാങ്ങിയാലുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഗ്യാരണ്ടി സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാറില്‍നിന്ന് ഉറപ്പു വാങ്ങുന്നതിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇടപാടില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇതുവരെയുള്ള വാദം. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇതേ അവകാശവാദമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നത് കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ റഫാല്‍ ഇടപാടിലെ സി.എ.ജി കണ്ടെത്തലുകള്‍ നിര്‍ണായകമാകും.

SHARE