ഇന്ധന വില കുറക്കില്ല; വെല്ലുവിളിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: എണ്ണ വില വന്‍തോതില്‍ വര്‍ധിക്കുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം നടത്തിയ ബന്ദിലും മനംമാറ്റമില്ലാതെ കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായി 43ാം ദിവസവും പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ധിപ്പിച്ചു.
രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഒരുകാരണവശാലും ഇന്ധന വില കുറയ്ക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. വില കുറച്ചാല്‍ രൂപയുടെ മൂല്യം ഇനിയും തകരുമെന്നും, വികസന പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഇതിനു പുറമെ ധനക്കമ്മി ഉയരുമെന്നും കേന്ദ്രം പറയുന്നു.
ഇന്നലെ 15 പൈസയാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. എണ്ണ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരി വിപണിയിലെ തകര്‍ച്ചയും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 72.45 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്നലെ 72.70 എന്ന നിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യതകര്‍ച്ചയുടെ റെക്കോര്‍ഡിട്ടു.
72.30 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഒരു ഘട്ടത്തില്‍ 72.74 എന്ന നിലയിലേക്ക് കൂപ്പുകുത്തി പിന്നീട് 72.70 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലാണ് പെട്രോളിന് ഏറ്റവും കൂടിയ വില. പര്‍ഭാനിയില്‍ പെട്രോള്‍ ലിറ്ററിന് 90.11 രൂപയും ഡീസലിന് 77.92 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.87 രൂപയും ഡീസലിന് 72.97 രൂപയുമാണ്. കൊല്‍ക്കത്തയില്‍ 83.75 രൂപ, 77.47 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ വില. ചെന്നൈയില്‍ പെട്രോളിന് 84.07 രൂപയും ഡീസലിന് 77.15 രൂപയുമാണ്. സംസ്ഥാനത്തും പെട്രോള്‍, ഡീസല്‍ വില ദിനേന റെക്കോര്‍ഡ് ഭേദിച്ച് ഉയരുകയാണ്. തിരുവനന്തപുരത്താണ് പെട്രോളിന് കൂടിയ വില.
84.30 രൂപയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 78.22 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.95 രൂപയും ഡീസല്‍ 79.95 രൂപയുമായി. കോഴിക്കോട് 83.21 രൂപയും, 77.22 രൂപയുമാണ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില. ജനങ്ങള്‍ ഇന്ധനവില വര്‍ധന കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് വില കുറയ്ക്കുന്നതിന് സാധിക്കില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണമെന്നത് ശ്രദ്ധേയമാണ്.
ഇന്ധനവില കുറച്ചാല്‍ രൂപയുടെ മൂല്യം തകരുമെന്ന് പറയുന്ന കേന്ദ്രം നിലവിലെ രൂപയുടെ തകര്‍ച്ച തടയുന്നതിനെ കുറിച്ച് മൗനം പാലിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് വില വര്‍ധിപ്പിക്കുന്നതിന്റെ കാരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും കേന്ദ്ര സര്‍ക്കാരിന് ഉത്തരമില്ല. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്തുന്നതിനായി അടിയന്തരമായി ഇടപെടാന്‍ കേന്ദ്രം ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേക നിക്ഷേപ പദ്ധതി അടക്കമുള്ള നടപടികളും ആലോചനയിലുണ്ട്. ഡോളറിനെതിരെ ഈ വര്‍ഷം മാത്രം 11.6 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നത്. ഏഷ്യയില്‍ തന്നെ ഏറ്റവും മൂല്യം ഇടിഞ്ഞതും ഇന്ത്യന്‍ രൂപയ്ക്ക് തന്നെയാണ്.
ഈ മാസം എല്ലാ ദിവസവും രൂപയുടെ മൂല്യം ഇടിയുന്ന പ്രവണത തുടരുകയാണ്. രൂപയുടെ രക്ഷയ്ക്കായി മെയ് മാസത്തില്‍ 5.8 ബില്യണും ജൂണില്‍ 6.18 ബില്യണും വിദേശ കറന്‍സി ആര്‍ബിഐ വിറ്റഴിച്ചിരുന്നു.
ഇന്ധന വില വര്‍ധനവിനും ഡോളറിനെതിരായ രൂപയുടെ തകര്‍ച്ചക്കുമൊപ്പം ഓഹരി വിപണിയും തകര്‍ന്നടിയുകയാണ്. സെന്‍സെക്‌സ് 509.04 പോയിന്റ് നഷ്ടത്തില്‍ 37,413.13 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോ ള്‍ നിഫ്റ്റി 150.60 പോയിന്റ് ഇടിഞ്ഞ് 11,287.50 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.

SHARE