ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് തോല്‍വി

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് താരം കരോലിന മരിന്‍ ആണ് സിന്ധുവിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. നിര്‍ണായക സമയത്ത് ഉജ്ജ്വല ഫോമിലേക്ക് ഉയര്‍ന്ന മരിന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-19, 21-10.

12-ാം തവണ സിന്ധുവുമായി നേര്‍ക്കുനേരെയെത്തിയ മരിന്റെ ഏഴാം വിജയമാണിത്. അതേസമയം ഇക്കഴിഞ്ഞ ജൂണില്‍ മരിനെ വീഴ്ത്തിയ സിന്ധുവിന് ഇവിടെ വിജയം ആവര്‍ത്തിക്കാനായില്ല. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. ജപ്പാന്റെ നോസോമി ഒക്കുഹാരയോടാണ് അന്ന് തോറ്റത്. 2015, 2017 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലം നേടിയിരുന്നു.

SHARE