ഇരകളെ മാറോടണച്ച ന്യൂസിലാന്‍ഡ്

യൂനുസ് അമ്പലക്കണ്ടി

ലോകത്തെ ഞെട്ടിച്ച ക്രൂരമായ ഭീകരാക്രമണമാണ് മാര്‍ച്ച് 15ന് ന്യൂസിലന്‍ഡില്‍ നടന്നത്. സമാധാനത്തിന്റെ പറുദീസയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ദ്വീപ് രാഷ്ട്രം ഓര്‍ക്കാപ്പുറത്തുണ്ടായ കൊടും ഹിംസയുടെ ഞെട്ടലില്‍നിന്ന് മുക്തമായിട്ടില്ല. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്കെത്തിയ മുസ്‌ലിംകള്‍ക്ക് നേരെ വംശവെറി തലക്കു പിടിച്ച നരാധമന്‍ വിവേചനരഹിതമായി നിറയൊഴിച്ചപ്പോള്‍ ദാരുണമായി അന്ത്യശ്വാസം വലിച്ചത് അമ്പത് വിലപ്പെട്ട മനുഷ്യ ജീവനുകളാണ്. ഗുരുതരമായി പരിക്കേറ്റ അനേകങ്ങള്‍ ജീവനും മരണത്തിനുമിടയില്‍ നോവുന്ന വേദനകളുമായി ആസ്പത്രിക്കിടക്കയിലുണ്ട്. ന്യൂസിലന്‍ഡിലെ പ്രശസ്തമായ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ രണ്ടു മസ്ജിദുകളിലാണ് കൊടും ഭീകരന്‍ നിര്‍ദയം സംഹാര താണ്ഡവമാടി ചോരക്കളം തീര്‍ത്തത്. അഞ്ചു കിലോമീറ്റര്‍ മാത്രം വ്യത്യാസമുള്ള ഡീന്‍സ് അവന്യുവിലെ അല്‍നൂര്‍ മസ്ജിദിലും ലിന്‍വുഡ് മസ്ജിദിലുമാണ് നാടിനെ സ്തബ്ധമാക്കിയ ഹീന കൃത്യം അരങ്ങേറിയത്.
ഓസ്‌ട്രേലിയയിലെ ഗ്രാഫ്റ്റണ്‍ സ്വദേശിയായ 28 വയസ്സുകാരന്‍ ബ്രന്റന്‍ ടറാന്റ് എന്ന വംശവര്‍ണ്ണ വെറിയനായ വലതുപക്ഷ ഭീകരന്‍ അല്‍ നൂര്‍ മസ്ജിദിലേക്കാണ് ആദ്യം തോക്കുമായി പാഞ്ഞടുത്തത്. ആരാധനയില്‍ മുഴുകിയിരുന്ന ആബാല വൃദ്ധം ജനങ്ങള്‍ക്കുനേരെ നിഷ്ഠൂരമായി കാഞ്ചി വലിച്ചു. വരൂ സഹോദരാ എന്ന് വിളിച്ച് ആഗതനെ മസ്ജിദിലേക്ക് ക്ഷണിച്ച നിഷ്‌കളങ്കനായ വയോധികനെത്തന്നെയാണ് ഇയാള്‍ ആദ്യമായി വെടിയുതിര്‍ത്ത് നെഞ്ച് പിളര്‍ത്തിയത്. ആദ്യം പുരുഷന്‍മാരുടെ ഹാളിലും തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്ള നമസ്‌കാര മുറിയിലും കണ്ണില്‍ കണ്ടവരെയൊക്കെ ഇയാള്‍ വെടിവെച്ചിട്ടു. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും. ഹൃദയഭേദകമായിരുന്നു രംഗം. പിന്നെ പോയത് ലിന്‍വുഡിലെ പള്ളിയിലേക്കാണ്. അല്‍നൂര്‍ മസ്ജിദില്‍ നാല്‍പതിലധികം പേരും ലിന്‍വുഡില്‍ ഏഴു പേരുമാണ് രക്ത സാക്ഷികളായത്.
പട്ടാള വേഷത്തില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ടറാന്റ് തലയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ഫെയ്‌സ് ബുക് ലൈവ് സ്ട്രീമില്‍ ഈ നീചവും പൈശാചികവുമായ ക്രൂരകൃത്യം ലോകത്തെ കാണിപ്പിച്ചുവെന്നത് അയാളുടെ പകയുടെ തീവ്രത വരച്ചുകാട്ടുന്നു. 40 മിനുറ്റ് നീണ്ടുനിന്ന വെടിവെപ്പിന്റെ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഫെയ്‌സ്ബുക്കിനു പുറമെ ട്വിറ്റര്‍, യൂട്യൂബ് വഴിയും മറ്റും ലോകമാകെ പ്രചരിക്കുകയുണ്ടായി. മനുഷ്യനായിപ്പിറന്നവര്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയാത്ത പൈശാചിക വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്നൊക്കെ പിന്നീട് അധികൃതര്‍ നീക്കം ചെയ്തു. രണ്ട് വീതം സെമി ഓട്ടോമാറ്റിക്, ഷോട്ട് ഗണ്ണുകളും ഒരു ലിവര്‍ ആക്ഷന്‍ ഗണ്ണും ഉള്‍പ്പെടെ അഞ്ച് തോക്കുകളും നിരവധി വെടിയുണ്ടകളുമായാണ് അക്രമി മസ്ജിദ് പരിസരത്തെത്തിയത്. വാഹനത്തില്‍ കരുതിയ വന്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സംഭവത്തിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു. ടറാന്റ് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടാറന്റിനെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡില്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണമാണ്.
ഇന്ത്യ, തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്താന്‍, സഊദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ, ജോര്‍ദാന്‍ പൗരന്‍മാരാണ് മരിച്ചവരിലധികവും. ഒരു മലയാളി യുവതിയും ഇക്കൂട്ടത്തിലുണ്ട്. ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പ്രാര്‍ത്ഥനക്കെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയാണ് മരണമടഞ്ഞത്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അല്‍ നൂര്‍ മസ്ജിദിലേക്ക് താമസ സ്ഥലത്തുനിന്നും പ്രത്യേക ബസ്സില്‍ വന്ന ക്രിക്കറ്റ് താരങ്ങള്‍ ദാരുണമായ കൂട്ടക്കുരുതിക്ക് ദൃസാക്ഷികളായി. ന്യൂസിലാന്‍ഡ് ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനെത്തിയതായിരുന്നു താരങ്ങള്‍. പശ്ചിമ ദക്ഷിണേഷ്യകളിലെ കുടിയേറ്റക്കാരെയാണ് ഭീകരന്‍ ഉന്നം വെച്ചത്. കുടിയേറ്റക്കാരോട് കൊടും ശത്രുത കാട്ടുന്ന തീവ്ര വലതു പക്ഷ ദേശീയ വാദിയാണ് പ്രതി. വംശ വെറിയുടെ പ്രതിരൂപമായ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും 2011 ജൂലൈ 22ന് 77 മനുഷ്യ ജീവനുകളപഹരിച്ച നോര്‍വീജിയന്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‌സ് ബ്രവിക്കിനുമൊക്കെയാണ് ഇയാളുടെ ആരാധ്യപാത്രങ്ങള്‍.
ലോക രാഷ്ട്രങ്ങളില്‍ മിക്കതും നിന്ദ്യമായ ഈ കൊടും ക്രൂരതയെ അതി ശക്തമായി അപലപിച്ചു. നിനച്ചിരിക്കാതെ വന്ന ദുരന്തത്തെ ന്യൂസിലാന്‍ഡ് ജനത ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണപ്രതിപക്ഷ കക്ഷികളും പൊതു ജനവുമൊക്കെ സംഭവം രാജ്യത്തിന്റെ ദുരന്തമായിക്കണ്ടു. ന്യൂസിലാന്‍ഡിലെ മസ്ജിദുകള്‍ക്ക് മുമ്പിലെത്തി കുട്ടികളും വൃദ്ധരുമുള്‍പ്പടെയുള്ള രാജ്യവാസികള്‍ സ്‌നേഹ പുഷ്പങ്ങള്‍ വിതറി മതിലുകള്‍ തീര്‍ത്തു. വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി തെളിയിച്ച് ഇരകളോട് ഐക്യപ്പെട്ടു. രാജ്യമാകെ സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശങ്ങളെഴുതിയ പോസ്റ്ററുകള്‍ പതിച്ചു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ തരിച്ചു പോയ രാജ്യത്തെ ഈ മനോഹര കാഴ്ച സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും വലിയ സന്ദേശമാണ് ലോകത്തിന് പകര്‍ന്ന്‌കൊടുത്തത്. സിംഗപ്പൂരിലെ പ്രശസ്ത കലാകാരനായ കെയ്ത് ലീ വരച്ച ഐക്യദാര്‍ഢ്യ ചിത്രം ലോകമേറ്റെടുത്തു. ന്യൂസിലാന്‍ഡിന്റെ ഔദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ രൂപത്തിലുള്ള ചിത്രത്തില്‍ നമസ്‌കാരത്തിനായി നിരന്നു നില്‍ക്കുന്നവരാണുള്ളത്. അഫ്ഗാനിസ്ഥാന്‍ വംശജനും എഞ്ചിനീയറുമായിരുന്ന 71 കാരനായ വൃദ്ധന്‍ കൊലപാതകിയെ മസ്ജിദിലേക്ക് സ്വീകരിക്കുമ്പോള്‍ ഉരുവിട്ട ‘ഹെലോ, ബ്രദര്‍ ‘എന്നതും ചിത്രത്തില്‍ കുറിച്ചിട്ടിട്ടുണ്ട്. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം കെയ്ന്‍ വില്യംസണ്‍ ഈ ചിത്രം വേദന നിറഞ്ഞ വാക്കുകളടങ്ങിയ അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് ഇരകളോട് ഐക്യപ്പെട്ടത്.
പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ഇരകള്‍ക്കൊപ്പം ചേര്‍ന്ന്‌നിന്ന് ഇത് ഭീകരാക്രമണമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. ‘ഇരയായവരിലേറെയും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമാണ്. ഈ രാജ്യത്തെ സ്വന്തം നാടായി സ്വീകരിച്ചവരാണവരൊക്കെ. ഇത് തീര്‍ച്ചയായും അവരുടെ കൂടി നാടാണ്. അവര്‍ ഞങ്ങളുടെ ഭാഗമാണ്. ഈ ഹത്യ ചെയ്തവന്‍ ഞങ്ങളില്‍ പെടില്ല. അത്തരക്കാര്‍ക്ക് ഈ മണ്ണിലിടവുമില്ല’- ജസീന്തയുടെ ചങ്കൂറ്റമുള്ള വാക്കുകള്‍ കരുത്തയായ ഭരണാധികാരിയുടെ ഉറച്ചസ്വരങ്ങളായിരുന്നു. രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയമങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. അതിനുള്ള നടപടിക്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍ തുടങ്ങിക്കഴിഞ്ഞു.
ഇരകളുടെ കുടുംബത്തേയും സമുദായത്തേയും ആശ്വസിപ്പിക്കുകയും അവരോടൊപ്പം മനസ്സാ വാചാകര്‍മ്മണ യോജിച്ച്‌നില്‍ക്കുകയും ചെയ്ത ജസീന്ത അതിരുകളില്ലാത്ത ആത്മവിശ്വാസമാണ് ഭയചകിതരായവര്‍ക്ക് കൈമാറിയത്. അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കറുത്ത പര്‍ദയും ശിരോവസ്ത്രവുമണിഞ്ഞാണ് അവര്‍ സംഭവസ്ഥലത്ത് എത്തിയത്. ഭീകരാക്രമണത്തിന്‌ശേഷം നടന്ന പ്രത്യേക പാര്‍ലമെന്റ് യോഗം തുടങ്ങിയത് ഇമാം നിസാമുല്‍ഹഖ് തന്‍വിയുടെ ഖുര്‍ആന്‍ പാരായണത്തോടെയാണ്. പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത് ‘അസ്സലാമു അലൈകും’ എന്നുരുവിട്ട് കൊണ്ടും. അക്രമിയെ പേരില്ലാത്തവനെന്ന് വിശേഷിപ്പിച്ച അവര്‍ ആ ക്രൂരന്റെ പേര് ഉരിയാടില്ലെന്നും ഭീകരന്റെ പേരല്ല ഇരകളുടെ പേരാണ് ലോകം വിളിച്ചു പറയേണ്ടതെന്നും അസന്നിഗ്ദ്ധമായി പാര്‍ലമെന്റില്‍ പറഞ്ഞു. സുദീര്‍ഘമായ പ്രസംഗം ചരിത്രത്തിന്റെ തങ്കലിപികളില്‍ അതിശോഭയോടെ ജ്വലിച്ചുനില്‍ക്കാന്‍ പോന്നതാണ്. മുപ്പത്തി ഏഴാം വയസ്സില്‍ ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയായ ജസീന്തയെ മനുഷ്യ സ്‌നേഹത്തിന്റെ മകുടോദാഹരണമായി ലോകം വാഴ്ത്തിപ്പാടുകയാണ്. ദുരന്ത ഘട്ടത്തില്‍ അവര്‍ കാണിച്ച അസാമാന്യ ധീരതയും സമചിത്തതയും പക്വതയും ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടു.
അതിനിടെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയേയും നമ്മുടെ പ്രധാനമന്ത്രിയേയും തുലനം ചെയ്തുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറി. സംഭവങ്ങളില്‍നിന്ന് ഒളിച്ചോടുന്ന, മാധ്യമ പ്രവര്‍ത്തകരെപോലും കാണാന്‍ കൂട്ടാക്കാത്ത, ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാത്ത, വംശവെറിക്ക് ഓശാന പാടുന്ന, രാജ്യവാസികളെ കൊഞ്ഞനം കുത്തുന്ന നമ്മുടെ ‘കാവല്‍ക്കാരന്‍’ കൃത്യമായും ചോദ്യം ചെയ്യപ്പെട്ടു. മോദിയും ജസീന്തയും തമ്മിലുള്ള അജ ഗജാന്തരം അക്കമിട്ട് നിരത്തി നവമാധ്യമങ്ങളിലെ ഇന്ത്യക്കാര്‍ ‘നമുക്കുമുണ്ടൊരു പ്രധാനമന്ത്രി’ എന്ന് വേവലാതിപ്പെട്ടു. അക്രമിയെ നിര്‍ഭയം നേരിട്ട് നെഞ്ചു വിരിച്ച് മരണം പുല്‍കിയ പാകിസ്താനുകാരന്‍ നഈം റാഷിദും ഭീകരനെ ധീരമായി ഒറ്റക്ക് നേരിട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശി അബ്ദുല്‍ അസീസും ഭീകരാക്രമണത്തിന് ശേഷം മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രാസര്‍ ആനിങ്ങിന്റെ തലയില്‍ മുട്ട പൊട്ടിച്ച പതിനേഴുകാരനും സമൂഹ മാധ്യമങ്ങളിലും മറ്റും ധീരതയുടെയും അഭിമാനത്തിന്റേയും പ്രതീകങ്ങളായി നിറഞ്ഞുനിന്നു.
കുടിയേറ്റ മുസ്‌ലിം വിരുദ്ധ ആശയങ്ങളും അക്രമത്തിനുള്ള കാരണങ്ങളും വിശദീകരിച്ച് സംഭവത്തിന് തൊട്ടുമുമ്പ് പ്രതി 87 പേജുള്ള പത്രിക സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത്‌വിട്ടിരുന്നു. ഭരണാധികാരികള്‍ക്ക് ഇത് ഇ.മെയില്‍ വഴിയും അയച്ചു കൊടുത്തു. പല യൂറോപ്യന്‍ രാജ്യങ്ങളുടേയും മുസ്‌ലിം കുടിയേറ്റ വിരുദ്ധ സമീപനങ്ങള്‍ തീവ്ര വലതുപക്ഷവാദികള്‍ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുകയാണ്. രാഷ്ട്രത്തലവന്‍മാര്‍ തന്നെ നീചമായ വംശീയ ചേരിതിരിവുകള്‍ക്ക് നേതൃത്വം നല്‍കുന്ന കെട്ട കാലത്ത് ഇത്തരം കൊടും ചെയ്തികള്‍ അരങ്ങേറുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ആറോളം മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നിഷേധിച്ച നാടാണ് ട്രംപിന്റെ അമേരിക്ക.യൂറോപ്പില്‍ തീവ്ര ദേശീയത പടര്‍ന്നുപിടിക്കുകയാണ്. ബഹു വര്‍ഗ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാനുള്ള മനസികാവസ്ഥ വര്‍ണ വര്‍ഗ വെറിയുടെ ഉച്ചിയില്‍ നില്‍ക്കുന്ന തീവ്ര ചിന്താഗതിക്കാര്‍ക്കില്ല. വംശീയാക്രമണങ്ങളുടെ എണ്ണം അവിടങ്ങളില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. വെളുത്ത വര്‍ഗക്കാരന്റെ വര്‍ണവെറിയില്‍ അനേകങ്ങളുടെ ജീവനും സ്വത്തും അഭിമാനവും പിച്ചിച്ചീന്തപ്പെടുന്നതിനെ വ്യവസ്ഥാപിതമായ രീതിയില്‍ തടയിടാന്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പലതു കൊണ്ടും കഴിയുന്നില്ല എന്നതാണ് പരമമായ വസ്തുത. ലോകമാകെ വര്‍ധിച്ചുവരുന്ന വംശീയതയുടേയും ഇസ്‌ലാമോഫോബിയയുടേയും ദുരന്തഫലമാണ് ഇത്തരം അക്രമണങ്ങളെന്ന തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നിരീക്ഷണമാണ് ശരി.