സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദ് തൃശൂര്‍ പുത്തന്‍പീടിക സ്വദേശിയെന്ന് എന്‍ഐഎ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് തൃശൂര്‍ പുത്തന്‍പീടിക സ്വദേശിയെന്ന് എന്‍.ഐ.എ. നേരത്തെ കൊച്ചിയിലാണ് ഫൈസല്‍ താമസിക്കുന്നതെന്നായിരുന്നു എന്‍.ഐ.എ കോടതിയെ അറിയിച്ചത്.

ഫൈസല്‍ ഫരീദ്, തൈപ്പറമ്പില്‍, പുത്തന്‍പീടിക, തൃശൂര്‍ എന്നാണ് പുതുതായി നല്‍കിയ വിലാസം. പേരിലെ സാദൃശ്യംകൊണ്ട് വ്യാജ പ്രചരണത്തിന് വിധേയനായെന്ന് ചൂണ്ടിക്കാട്ടി നേരത്തേ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയ വ്യക്തിയുടെ വിലാസം തന്നെയാണോ ഇതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിച്ചയാളുടെ പേര് ഫൈസല്‍ ഫരീദ് എന്നാണെങ്കിലും ഇയാള്‍ തൃശൂര്‍ മൂന്നു പീടിക സ്വദേശിയാണ്.

തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് ദുബായിലുള്ള ഫൈസല്‍ ഫരീദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല. ദുബായില്‍ ബിസിനസ് ചെയ്യുകയാണ് താന്‍. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല. ഈ സംഭവത്തെക്കുറിച്ച് വാര്‍ത്തകളില്‍ മാത്രമാണ് കാണുന്നത്. തന്റെ പേരില്‍ പ്രചരിക്കുന്നത് നൂറു ശതമാനവും വ്യാജമായ കാര്യമാണ്. പ്രതികളായ ആരെയും പരിചയമില്ല. ഇത്തരം ആള്‍ക്കാരെക്കുറിച്ചൊന്നും ഒരു പരിചയവുമില്ലെന്നും ഫൈസല്‍ പറഞ്ഞിരുന്നു.

SHARE