സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഒളിവില്‍ തന്നെയാണ്. കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇവരെ തിരയുന്നത്. സ്വപ്നയ്ക്ക് ഏതാനും ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ചോരുന്നതു തടയാന്‍ കേരള പൊലീസിനെ മാറ്റിനിര്‍ത്തിയാണു കസ്റ്റംസിന്റെ അന്വേഷണം.

സ്വപ്നയുടെ അടുത്ത സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നു ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ കൊച്ചിയിലേക്കു കൊണ്ടുപോയത്. കേസില്‍ സൗമ്യയെ സാക്ഷിയാക്കുന്നതും ആലോചനയിലാണ്. സ്വപ്ന ഒളിവില്‍ പോയ സമയം തന്നെ സന്ദീപും ഒളിവില്‍ പോയി. കള്ളക്കടത്തില്‍ സ്വപ്നയുടെ കൂട്ടാളിയാണ് സന്ദീപ് എന്നാണ് അന്വേഷകരുടെ നിഗമനം.

കേസില്‍ അറസ്റ്റിലായ പി.എസ്.സരിത്തിനെ വിശദമായി ചോദ്യം ചെയ്യാനാണു തീരുമാനം. കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ട്. തുടര്‍ന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുളള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാനും സര്‍ക്കാര്‍ നീക്കമുള്ളതായി സൂചനയുണ്ട്.

SHARE