ഒമ്പത് പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം; കൂട്ടക്കൊലപാതകമെന്ന് പോലീസ്

ഒമ്പത് പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം; കൂട്ടക്കൊലപാതകമെന്ന് പോലീസ്

ഹൈദരാബാദ്: കുടിയേറ്റ തൊഴിലാളികളായ ഒമ്പത് പേരുടെ മൃതദേഹം വാറങ്കലിലെ ഫാക്ടറിക്ക് സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകാണെന്നും പൊലീസ്. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ബംഗാള്‍ സ്വദേശികളായ മഖ്‌സൂദ് ആലം, ഭാര്യ നിഷ, മക്കളായ ഷഹബാസ്, സൊഹൈല്‍, ബുഷ്‌റ, ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍, കുടിയേറ്റ തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീല്‍ എന്നിവരെയാണ് കഴിഞ്ഞദിവസം കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചണമില്ലിലെ തൊഴിലാളികളാണ് ഇവരെല്ലാം. ഇവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയും ബാക്കി അഞ്ച് പേരുടേത് വെള്ളിയാഴ്ച രാവിലെയുമാണ് കിണറ്റില്‍നിന്ന് കണ്ടെടുത്തത്.

സംഭവത്തിന്റെ തലേദിവസം ഫാക്ടറിയില്‍ മഖ്‌സൂദിന്റെ നേതൃത്വത്തില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മകള്‍ ബുഷ്‌റയുടെ മൂന്ന് വയസ്സുള്ള മകന്റെ ജന്മദിനാഘോഷമാണ് നടന്നത്. ഇതില്‍ പങ്കെടുക്കാനായി മഖ്‌സൂദ് ഫാക്ടറിയിലെ മറ്റൊരു ഭാഗത്ത് താമസിച്ചിരുന്ന ബാക്കി മൂന്ന് പേരെയും ക്ഷണിച്ചിരുന്നു. ഇവരുടെ താമസസ്ഥലത്ത് നിന്ന് ഭക്ഷണാവശിഷ്ടങ്ങളും കൂള്‍ ഡ്രിങ്ക്‌സുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മഖ്‌സൂദിന്റെ മകള്‍ ബുഷ്‌റ ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് ഏറെക്കാലമായി മാതാപിതാക്കളോടൊപ്പമാണ് താമസം. ഇതിനിടെ പ്രദേശത്തെ ഒരു യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നതായും ഇത് വഴക്കില്‍ കലാശിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബുഷ്‌റയുടെ ഭര്‍ത്താവിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. 20 വര്‍ഷം മുമ്പാണ് മഖ്‌സൂദും കുടുംബവും വാറങ്കലില്‍ എത്തിയത്.

NO COMMENTS

LEAVE A REPLY