ബാങ്കിനെ വഞ്ചിച്ച് 11000 കോടി തട്ടിയ പ്രതിക്കൊപ്പം പ്രധാനമന്ത്രി; ചിത്രങ്ങള്‍ പുറത്ത്

മുബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നിന്നും 11000 കോടി രൂപ തട്ടിച്ച കേസിലെ പ്രധാന പ്രതി നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നീരവ് മോദി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ട്വിറ്ററിലൂടെചിത്രം പുറത്തുവിട്ടത്.

അതേസമയം തട്ടിപ്പു നടത്തിയ അതിസമ്പന്ന വജ്രവ്യാപാരി നീരജ് മോദി രാജ്യം വിട്ടതായാണ് സൂചന. സൂറത്തും ഡല്‍ഹിയുമടക്കമുള്ള 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോദിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജ്വല്ലറി ഉടമകളായ മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും രണ്ടു പിഎന്‍ബി ഉദ്യോഗസ്ഥരുടെയും വീടുകളിലും വിവിധ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.

നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഇയാള്‍ രാജ്യം വിട്ടതാണെന്നു യെച്ചൂരി ആരോപിച്ചു. ജനുവരി 31ന് എഫ്‌ഐആര്‍ തയാറാക്കുന്നതിനു മുന്‍പ് നീരവ് ദാവോസിലെത്തുകയും പ്രധാനമന്ത്രിക്കൊപ്പം നിന്ന് ചിത്രവുമെടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് ജനുവരി 23നാണെന്നും ആരോപണം ഉയര്‍ന്ന ശേഷവും പ്രധാനമന്ത്രി നീരവിനൊപ്പം നിന്ന് ഫോട്ടോ എടുത്തെന്നും യെച്ചൂരി പറയുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പണം കൊള്ളയടിച്ച് വിദേശത്തേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീരവിനെ സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍(പിഎന്‍ബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അതിസമ്പന്ന വജ്രവ്യാപാരിയായ നീരവ് മോദിക്കെതിരെയുള്ള കുറ്റം. ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തി.മുംബൈയും സൂറത്തും ഡല്‍ഹിയുമടക്കമുള്ള 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോദിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനു പുറമെ ബെല്‍ജിയം പാസ്‌പോര്‍ട്ടും നീരവിന്റെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ചു രാജ്യം വിട്ടതായാണു വിലയിരുത്തല്‍.

വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്.

SHARE