നിര്‍ഭയ കേസ്; പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് ഇന്ദിര ജയ്‌സിങ്, ആഞ്ഞടിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി


ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അമ്മ ആശാ ദേവിയോട് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്. ട്വിറ്ററിലാണ് ഇന്ദിര ജയ്‌സിംഗിന്റെ പ്രതികരണം. ഡല്‍ഹി കോടതി നിര്‍ഭയ കേസിലെ നാലു പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇന്ദിര ജയ്‌സിംഗ് പ്രതികരിച്ചത്.

ഇന്ദിര ജയ്‌സിംഗിന്റെ ട്വീറ്റ് ഇങ്ങനെയാണ്: ‘ആശാ ദേവിയുടെ ദുഃഖം പൂര്‍ണമായും ഉള്‍ക്കൊളളുന്നു. എന്നാല്‍ നളിനിക്ക് വധശിക്ഷ നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി അവര്‍ക്ക് മാപ്പ് നല്‍കിയ സോണിയാ ഗാന്ധിയുടെ വഴി പിന്തുടരണം എന്നാണ് താന്‍ ആശാ ദേവിയോട് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, എന്നാല്‍ വധശിക്ഷയ്ക്ക് എതിരാണ്’.

ഇന്ദിര ജയ്‌സിംഗിന്റെ വാക്കുകളോട് അതിരൂക്ഷമായാണ് നിര്‍ഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചിരിക്കുന്നത്. ഇന്ദിര ജയ്‌സിംഗിന് ഇത്തരമൊരു കാര്യം എങ്ങനെ പറയാനായി എന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് ആശാ ദേവി പ്രതികരിച്ചു. സുപ്രീം കോടതിയില്‍ വെച്ച് അവരെ പലതവണ കണ്ടിട്ടുണ്ട്. ഒരിക്കല്‍ പോലും തന്റെ ജീവിതത്തെ കുറിച്ച് ചോദിച്ചിട്ടില്ല. ഇന്നവര്‍ പ്രതികള്‍ക്ക് വേണ്ടി സംസാരിക്കുന്നു. ഇത്തരക്കാര്‍ ജീവിക്കാന്‍ വഴി കണ്ടെത്തുന്നത് ബലാംത്സംഗികളെ പിന്തുണച്ച് കൊണ്ടാണ്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ അവസാനിക്കാത്തത് എന്നും ആശാ ദേവി പറഞ്ഞു.

ഇന്ദിര ജെയ്‌സിംഗ് ആരാണ് തന്നോട് അങ്ങനെ പറയാന്‍? രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്നത് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണം എന്നാണ്. ഇവരെപ്പോലുളള ആളുകള്‍ കാരണമാണ് പീഡനക്കേസിലെ ഇരകള്‍ക്ക് നീതി ലഭിക്കാത്തത് എന്നും ആശാ ദേവി പറഞ്ഞു. ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ക്കുളള ശിക്ഷ വൈകുന്നതിനെതിരെ ആശാ ദേവി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.