നിര്‍ഭയ കേസ്; ദയാഹര്‍ജി തള്ളാന്‍ ശുപാര്‍ശ; ഉടന്‍ നടപ്പിലാക്കിയേക്കും

ന്യൂഡല്‍ഹി: 2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. പ്രതി വിനയ് ശര്‍മ്മ നല്‍കിയ ദയാഹര്‍ജിയിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ. കേസില്‍ രണ്ടാം പ്രതിയാണ് വിനയ് ശര്‍മ്മ.

നേരത്തെ ദയാഹര്‍ജി ലഭിച്ച വേളയില്‍ രാഷ്ട്രപതി ഡല്‍ഹിസര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും വിശദാംശങ്ങള്‍ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളിയത്. ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരിക്കുകയാണ്.

ദയാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറിയിരിക്കുകയാണ്. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.

SHARE