വധശിക്ഷ വൈകിപ്പിക്കാന്‍ പുതിയതന്ത്രവുമായി നിര്‍ഭയ പ്രതികള്‍;തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

തൂക്കിലേറ്റാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശിക്ഷ വൈകിപ്പിക്കാന്‍ പുതിയതന്ത്രവുമായി നിര്‍ഭയ പ്രതികള്‍. മാര്‍ച്ച് മൂന്നിന് പ്രതികളെ തൂക്കിലേറ്റണമെന്നാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ മരണ വാറണ്ട് . ആദ്യ രണ്ട് തവണ പുറപ്പെടുവിച്ച വാറണ്ടുകളും പ്രതികള്‍ നിയമസഹായം തേടിയതോടെയാണ് നീണ്ട് പോയത്. എന്നാല്‍ പ്രതികള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുള്ള എല്ലാ ആവശ്യങ്ങളും തള്ളിയായിരുന്നു പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്. തൂക്കിലേറ്റുന്ന തീയതി ഏതാണ്ട് ഉറപ്പായതിനു പിന്നാലെ പുതിയ തീയതിയിലേക്ക് മാറ്റിവെക്കാനുള്ള തന്ത്രവുമായാണ് പ്രതികള്‍ രംഗത്തെത്തിയത്.

വധശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ അഭിഭാഷകനാണ് ഡല്‍ഹി സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. നേരത്തെ പ്രതികളുടെ ദയാഹര്‍ജി തള്ളിയതിനെതിരെയാണ് ഈ പരാതി. വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളുമ്പോള്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയായിരുന്നെന്നും ഈ സമയത്താണ് സര്‍ക്കാര്‍ ദയാഹര്‍ജി തള്ളാന്‍ ശുപാര്‍ശ ചെയ്തതെന്നും പറയുന്ന വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ ഇതിന് സര്‍ക്കാരിന് അധികാരമില്ലായിരുന്നെന്നാണ് വാദിക്കുന്നത്. മന്ത്രിയായിരുന്ന മനീഷ് സിസോദിയായിരുന്നു ദയാഹര്‍ജി തള്ളാന്‍ ശുപാര്‍ശ ചെയ്തത്.

ഇതിനിടെ തിഹാര്‍ ജയിലില്‍ കിടക്കുന്ന വിനയ് ശര്‍മ സെല്ലിന്റെ ഇരുമ്പുവാതിലില്‍ പല തവണ തലയിടിപ്പിച്ച് മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 16നാണ് വിനയ് ശര്‍മ്മ തലയിടിച്ച് പരിക്കേല്‍പ്പിച്ചത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേരില്‍ മൂന്ന് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയെങ്കിലും മറ്റൊരു പ്രതിയായ പവന്‍ ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം അവശേഷിക്കുന്നുണ്ട്.

SHARE