രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിച്ച സംഭവം: കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് നിഷാ ജോസ്

തിരുവനന്തപുരം: ട്രയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിച്ച സംഭവത്തില്‍ കൂടുതല്‍ സൂചനകള്‍ പുറത്തുവിട്ട് ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസ്.

കോട്ടയത്തെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകനാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രമുഖനായ നേതാവിന്റെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള മകനാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് നിഷ പറയുന്നത്. ഇയാളുടെ പിതാവ് മുമ്പ് തങ്ങളുടെ മുന്നണിയിലായിരുന്നുവെന്നും കെ.എം മാണിയുടെ മരുമകള്‍ കൂടിയായ നിഷ പറഞ്ഞു.

വിവാദങ്ങളില്‍ താല്‍പര്യമില്ലാത്തതിനാല്‍ താന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല. മാധ്യമങ്ങള്‍ പലവിധത്തിലുള്ള കഥകള്‍ മെനയുകയാണ്. ആരെയും വ്യക്തിഹത്യ ചെയ്യാനോ വിവാദത്തിനോ താന്‍ തയ്യാറല്ല. എന്നാല്‍ സംഭവം സത്യമാണ്. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും അറിയിക്കുകയാണ് തന്റെ ലക്ഷ്യം.

പുറത്തിറങ്ങാനിരിക്കുന്ന ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് നിഷ ഇക്കാര്യം വെളിപ്പെടുത്തിയത്.

അപകടത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യാ പിതാവിനെ സന്ദര്‍ശിക്കുന്നതിനാണ് അന്ന് അയാള്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്നതെന്നും ഇതിനിടെ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നുമാണ് നിഷ പുസ്തകത്തില്‍ പറഞ്ഞിരുന്നത്. അയാള്‍ക്ക് താക്കീത് നല്‍കിയെങ്കിലും അത് അവഗണിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും നിഷ ജോസ് പുസ്തകത്തില്‍ പറയുന്നു.

Also Read: ‘പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു’; വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ