സമൂഹത്തെ വിഭജിക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ല; ബി.ജെ.പിക്കെതിരെ നിതീഷ് കുമാര്‍

പട്‌ന: രാം വിലാസ് പാസ്വാന് പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബി.ജെ.പിക്കെതിരെ രംഗത്ത്. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നവരോട് യോജിപ്പില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ നയം വളരെ വ്യക്തമാണ്. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കില്ല. അഴിമതിയോടും ഒത്തുതീര്‍പ്പില്ല. സാമൂഹ്യ ഐക്യത്തിലും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നതിലുമാണ് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നത്’-നിതീഷ് കുമാര്‍ വ്യക്തമാക്കി.

ബീഹാറില്‍ ബി.ജെ.പി പരാജയപ്പെട്ട അരാരിയ തീവ്രവാദികളുടെ കേന്ദ്രമാകുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞിരുന്നു. ഭാഗല്‍പൂരില്‍ കലാപക്കേസില്‍ പ്രതിയായ തന്റെ മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു മറ്റൊരു കേന്ദ്രമന്ത്രിയായ അശ്വിനി ചൗബേയുടെ പ്രസ്താവന. ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

ബി.ജെ.പി നേതൃത്വത്തിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനും രംഗത്ത് വന്നിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ കാണാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാവണമെന്നായിരുന്നു പാസ്വാന്റെ പ്രസ്താവന.

SHARE