പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ല; നിയമസഭയില്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

പട്‌ന: രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ നിയമ ഭേദഗതിയില്‍ നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയാകാമെന്നും എന്നാല്‍ പൗരത്വ രജിസ്റ്റര്‍ ഒരിക്കലും സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരുന്നു നിതീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണപക്ഷത്തിനെതിരെ സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയത്.

പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ച വേണം. എല്ലാവരും അത് ആവശ്യപ്പെടുകയാണെങ്കില്‍ സഭയില്‍ തന്നെ ചര്‍ച്ചയാകാം. എന്നാല്‍ പൗരത്വ രജിസ്റ്ററില്‍ ഒരു ചോദ്യവും വേണ്ട. പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ല നിതീഷ് കുമാര്‍ വ്യക്തമാക്കി.

പൗരത്വ രജിസ്റ്ററിനെതിരെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും നിതീഷ് കുമാറും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി നയം നിയമസഭയിലും വ്യക്തമാക്കിയത്.

SHARE