ഗ്രേറ്റ് എസ്‌കേപ്പ്; ഷെട്ടിയുടെ എന്‍എംസിയിലെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ കേരളത്തിലെത്തി- അതും ആദ്യ വിമാനത്തില്‍

ദുബൈ: ശതകോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന എന്‍.എം.സി ഹെല്‍ത്തിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കൃഷ്ണമൂര്‍ത്തി കേരളത്തിലെത്തി. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആദ്യ വിമാനത്തിലാണ് കുടുംബ സമേതം കൃഷ്ണമൂര്‍ത്തി കേരളത്തിലെത്തിയത്.

‘ഗ്രേറ്റ് എസ്‌കേപ്പ്’ (വന്‍ രക്ഷപ്പെടല്‍) എന്നാണ് ഇതേക്കുറിച്ച് ഗള്‍ഫിലെ പ്രമുഖ മാദ്ധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഗര്‍ഭിണികള്‍, രോഗികള്‍, അവശര്‍ എന്നിവര്‍ അടങ്ങിയ 360 യാത്രക്കാരില്‍ കൃഷ്ണമൂര്‍ത്തിക്കും കുടുംബത്തിനും സീറ്റു ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പത്രം ആരോപിക്കുന്നു. എംബസിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് എന്നും പത്രം വ്യക്തമാക്കി. എംബസി വഴിയാണ് യാത്രക്കാരെ തെരഞ്ഞെടുത്തത് എന്നും ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്കാണ് മുന്‍ഗണന എന്നും നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ക്കിടെയാണ് ഭാര്യ, മൂന്നു മക്കള്‍, ജോലിക്കാരി എന്നിവര്‍ അടങ്ങുന്ന ആറംഗ സംഘം കൊച്ചിയിലെത്തിയത്.

‘വെള്ളിയാഴ്ച രാവിലെ ചില അടിയന്തര കാര്യങ്ങള്‍ക്കായി യു.എ.ഇ വിട്ടെന്ന് കേരളത്തില്‍ നിന്ന് അദ്ദേഹം മെസ്സേജ് അയച്ചു. ജൂണില്‍ തിരിച്ചെത്തുമെന്നും പറഞ്ഞു. കുടുംബ സമേതമാണ് അദ്ദേഹം യു.എ.ഇ വിട്ടത്’ – കമ്പനി വൃത്തങ്ങള്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

കുടുംബത്തില്‍ മരണം നടന്നതായുള്ള തെറ്റായ സത്യവാങ്മൂലം നല്‍കി അധികൃതരെ തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാദ്ധ്യത എന്നാണ് പത്രം പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത കുടുംബത്തില്‍ ഈയിടെ മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റെ അച്ഛന്‍ അര്‍ബുദ ബാധിതനാണ്. അമ്മ 2018ലാണ് മരിച്ചത്.

2017ല്‍ കൃഷ്ണമൂര്‍ത്തി സി.എഫ്.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. പ്രശാന്ത് മങ്ങാട്ട് സി.ഇ.ഒ ആയി ചുമതലയേറ്റ വേളയിലായിരുന്നു ഇത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ വീണ്ടും കൃഷ്ണമൂര്‍ത്തിയെ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു. എന്‍.എം.സിയുടെ 25 ഉന്നത ഉദ്യോഗസ്ഥരും യു.എ.ഇ വിട്ടതോടെയാണ് കൃഷ്ണമൂര്‍ത്തി വീണ്ടും ആ പദവിയിലെത്തിയത്.

എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അച്ഛന്റെ അസുഖവും കുട്ടികളുടെ സ്‌കൂള്‍ പ്രവേശനവും കാരണമാണ് ഇന്ത്യയിലേക്ക് തിരിച്ചത് എന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. വിമാനയാത്ര ആരംഭിച്ച് മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ യു.എ.ഇയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടക്കുന്നില്ലെങ്കിലും അദ്ദേഹം അറിയിച്ചു.