ആംബുലന്‍സ് എത്താന്‍ വൈകി; പ്രസവത്തെ തുടര്‍ന്ന് നടിയും നവജാത ശിശുവും മരിച്ചു

മുംബൈ: പ്രസവശേഷം കൃത്യസമയത്ത് വിദഗ്ധചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് സിനിമാ നടിയും നവജാത ശിശുവും മരിച്ചു. മറാത്തി സിനിമടിവി താരമായ പൂജ സുഞ്ജറും (25) കുഞ്ഞുമാണ് ആംബുലന്‍സ് കിട്ടാതെ ആസ്പത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. പ്രസവം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം.

പ്രസവവേദന അനുഭവപ്പെട്ടതോടെ ഞായറാഴ്ച രാത്രി രണ്ട് മണിയോടെയാണ് പൂജയെ ഹിംഗോളി ജില്ലയിലെ ഗോരേഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്. ഇവിടുന്ന് പ്രസവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. തുടര്‍ന്ന് പൂജയുടെയും ആരോഗ്യനില വഷളായതോടെ അമ്മയെ സിവില്‍ ആസ്പത്രിയിലെത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ ഇവിടുന്ന് ആംബുലന്‍സ് ലഭ്യമാക്കി 40 കിലോമീറ്റര്‍ അകലെയുള്ള ആസ്പത്രിയിലേക്ക് തിരിച്ചെങ്കിലും വഴിയില്‍വെച്ച് പൂജയും മരിക്കുകയായിരുന്നു. രാവിലെ ആറരയോടെയാണ് മരണം നടന്നത്.

അതേസമയം, പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ ലഭ്യമാവാത്തതും ആംബുലന്‍സ് ലഭ്യമാകാന്‍ വൈകിയതുമാണ് പൂജയുടേയും കുഞ്ഞിന്റേയും ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

SHARE