ഖത്തര്‍ മലയാളികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട; പകരം ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ്

ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് വിമാനം കയറണമെങ്കില്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം സ്മാര്‍ട് ഫോണിലെ കോവിഡ് 19 നിര്‍ണയ ആപ്ലിക്കേഷനായ ഇഹതിറാസില്‍ ആരോഗ്യ നില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് അവലോകന യോഗ ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധന ഖത്തറില്‍ പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍, എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ദോഹയിലെ വിവിധ സാമൂഹിക സംഘടനകള്‍ എന്നിവരുടെ സമ്മര്‍ദമാണ് പുതിയ പ്രഖ്യാപനത്തിന് വഴിതെളിച്ചത്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ അപ്രായോഗികത നേരത്തെ ഇന്ത്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച് അംബാസഡര്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ കത്തും നല്‍കിയിരുന്നു. നിലവില്‍ ഖത്തറില്‍ എല്ലാ സ്വദേശി-പ്രവാസികള്‍ക്കും പരിശോധനയും ചികിത്സയും ക്വാറന്റീന്‍ സൗകര്യവുമെല്ലാം സൗജന്യമാണ്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് കോവിഡ് പരിശോധനക്ക് അനുമതിയുള്ളൂ. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് പരിശോധന നടത്തുന്നത്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത് പ്രായോഗികമല്ല എന്നാണ് അംബാസഡര്‍ അറിയിച്ചത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിലിലാണ് ഇഹ്തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നത്. ഇഹ്തിറാസ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം മുന്‍കരുതല്‍ എന്നാണ്. ജി.പി.എസ്, ബ്ലൂടൂത്ത് സാങ്കേതിക വിദ്യയുള്ള ആപ്ലിക്കേഷനാണ് ഇത്. ക്യു ആര്‍ കോഡ് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഇഹ്തിറാസ് ആപ്ലിക്കേഷനിലെ പച്ചനിറം ആരോഗ്യവാനായ വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്. ചാര നിറം സംശയാസ്പദമായവരേയും മഞ്ഞനിറം ക്വാറന്റീനില്‍ കഴിയുന്നവരേയും ചുമപ്പ് രോഗം സ്ഥിരീകരിച്ചവരേയുമാണ് സൂചിപ്പിക്കുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം പ്രവേശിക്കണമെങ്കിലും ഇഹ്തിറാസില്‍ ആരോഗ്യനില പച്ചയായിരിക്കണമെന്നാണ് വ്യവസ്ഥ.