വീട്ടിനുള്ളില്‍ സാമൂഹിക അകലം പാലിച്ച് കഴിയാന്‍ ഇടമില്ല; മരത്തിന് മുകളില്‍ ക്വാറന്റെയ്‌നില്‍ കഴിഞ്ഞ് യുവാവ്

രാജസ്ഥാന്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ അടച്ചിടല്‍ നേരിടുന്ന സാഹചര്യത്തില്‍ തന്റെ സാമൂഹിക ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുകയാണ് പതിനെട്ടുകാരനായ യുവാവ്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഭിന്ദര്‍ എന്ന ഗ്രാമത്തിലാണ് ഈശ്വര്‍ ലാല്‍ റാവത്ത് എന്ന ചെറുപ്പക്കാരന്‍ വ്യത്യസ്തമായി ക്വാറന്റെയ്‌നില്‍ കഴിയുന്നത്. വീടിന് സമീപത്തുള്ള വേപ്പ് മരത്തിലാണ് യുവാവ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. വീടിനുള്ളില്‍ സാമൂഹിക അകലം പാലിച്ച് ഐസോലേഷനില്‍ കഴിയാന്‍ ഇടമില്ല എന്നതാണ് കാരണം.

മറ്റൊരു സംസ്ഥാനത്ത് നിന്ന് വന്നത് കാരണം കുടുംബാംഗങ്ങളില്‍ നിന്ന് അകലം പാലിച്ച് നിശ്ചിത ദിവസം കഴിച്ചു കൂട്ടാനാണ് ഇയാളുടെ തീരുമാനം. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇയാളുടെ രണ്ട് സഹോദരങ്ങള്‍ കൂടി തിരികെ എത്തിയിട്ടുണ്ട്. സൂറത്തില്‍ നിന്നാണ് ഈശ്വര്‍ എത്തിയത്. ഇവരോട് ക്വാറന്റെയ്‌നില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

വീട് ചെറുതായതിനാല്‍ ഇവര്‍ക്ക് വീടിനുള്ളില്‍ സാമൂഹിക അകലം പാലിച്ച് ക്വാറന്റെയ്‌നില്‍ കഴിയുക സാധ്യമല്ല. ഇതിനാലാണ് യുവാവ് സ്വയം നിരീക്ഷണത്തിനായി മരത്തില്‍ തങ്ങുന്നത്.

SHARE