കിഴക്കന്‍ ഗൂത: രക്ഷാസമിതി ഇടപെടണമെന്ന് ഗുട്ടെറസ്

 

ന്യൂയോര്‍ക്ക്: സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ സൈനിക ഉപരോധത്തില്‍ കഴിയുന്നവരുടെ ദുരിതം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
വിമതരുടെ നിയന്ത്രണത്തിലുള്ള ഗൂതയില്‍ മൂന്നാമത്തെ ആഴ്ചയും സിറിയന്‍ സേന വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് രക്ഷാസമിതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗുട്ടെറസ് രംഗത്തെത്തിയിരിക്കുന്നത്. റഷ്യന്‍ പിന്തുണയോടെ സിറിയ നടത്തുന്ന ആക്രമണങ്ങളില്‍ ഇതിനകം ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗൂതയിലെ സ്ഥിതിഗതികളില്‍ താന്‍ നിരാശനാണെന്ന് ഗുട്ടെറസ് പറഞ്ഞു.
സിറിയന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കുകയും യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണുകയും വേണമെന്നാണ് എനിക്ക് എല്ലാവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിനു ശേഷവും കിഴക്കന്‍ ഗൂതയില്‍ വ്യോമാക്രമണങ്ങളും ഷെല്‍വര്‍ഷവും വെടിവെപ്പും രൂക്ഷമാണ്-അദ്ദേഹം കൂട്ടിച്ചര്‍ത്തു.
എന്നാല്‍ പ്രമേയം പരാജയപ്പെട്ടത് ഖേദകരമാണെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. അനിവാര്യമാകുകയാണെങ്കില്‍ യു.എസ് നടപടിക്ക് സജ്ജമാണ്. ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധിക്കാത്ത വിധം പുതിയ പ്രമേയം അമേരിക്ക തയാറാക്കികൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. രക്ഷാസമിതിയില്‍ സംസാരിച്ച റഷ്യന്‍ അംബാസഡര്‍ വാസിലി നെബന്‍സിയ സിറിയന്‍ സൈനിക നടപടിയെ ന്യായീകരിച്ചു. പൗരന്മാരുടെ സുരക്ഷക്കുനേരെയുള്ള ഏത് ഭീഷണിയും നീക്കം ചെയ്യാന്‍ സിറിയന്‍ ഭരണകൂടത്തിന് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി മാറിയിരിക്കുകയാണ് സിറിയയെന്ന് നെബന്‍സിയ പറഞ്ഞു.

SHARE