പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ല; എന്ത് സമ്മര്‍ദ്ദമുണ്ടായാലും നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

പൗരത്വനിയമ ഭേദഗതിയില്‍ നടപ്പിലാക്കുന്നതില്‍ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുസമ്മര്‍ദമുണ്ടായാലും പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തിലും മാറ്റമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീന്‍ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. അനുമതി നിഷേധിച്ചിട്ടും മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തടയല്‍. അഞ്ച് പേര്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു പോലീസ് നിലപാട്. ഇതേതുടര്‍ന്ന് അല്പദൂരം മാര്‍ച്ച് നടത്തിയ ശേഷം സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

വന്‍ പോലീസ് സന്നാഹമാണ് പ്രതിഷേധക്കാരെ തടയാന്‍ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ തയാറാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയെ കാണണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്തുവന്നത്.

SHARE