നോട്ടു നിരോധനത്തിന്റെ ദോഷങ്ങള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. നോട്ട് നിരോധനത്തിനായി സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും അമ്പേ പരാജയപ്പെടുകയും അടിസ്ഥാന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനാവാതെ വരികയും ചെയ്തതോടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യവും, കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍ തുടങ്ങിവരുടെ നട്ടെല്ലൊടിക്കുകയും ചെയ്തതാണ് ഇതിന്റെ നേട്ടമായി അവശേഷിക്കുന്നത്.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വിനിമയത്തില്‍ വ്യാപകമായ കള്ളനോട്ടു വിപണനമുണ്ടെന്നതായിരുന്ന പ്രധാന വാദം എന്നാല്‍ 99.3 ശതമാനവും സംവിധാനത്തിലേക്ക് മടങ്ങി വന്നതോടെ ഈ അവകാശ വാദം വെറും പൊള്ളയായി മാറി. നോട്ട് നിരോധനത്തിന് ശേഷം അഴിമതിയും തീവ്രവാദ പ്രവര്‍ത്തനങ്ങളും കുറയുമെന്ന വാദത്തിനും ബലം നല്‍കുന്ന തരത്തിലുള്ള രേഖകളൊന്നും തന്നെ സര്‍ക്കാറിന് അവതരിപ്പിക്കാനുമായിട്ടില്ല. 2016 നവംബര്‍ എട്ടിനാണ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.

ആധുനിക ചരിത്രത്തില്‍ ഒരു രാജ്യത്തെ സാമ്പത്തിക നിലയെ ഇത്രമേല്‍ തടസ്സപ്പെടുത്തിയ മറ്റൊരു നീക്കവുമില്ലെന്ന് വിദഗ്ധര്‍ തന്നെ രേഖപ്പെടുത്തുന്നു. പൊതു ജനത്തെ പൊരിവെയിലത്ത് നോട്ടു മാറാനായി ക്യൂവില്‍ നിര്‍ത്തിയെന്നതൊഴിച്ചാല്‍ ഈ നടപടിയുടെ വിജയം എന്നത് വെറും തള്ള് മാത്രമായി ഇന്നും അവശേഷിക്കുന്നു. നോട്ട് നിരോധനത്തോടെ വിതരണ ശൃംഖലകള്‍ താറുമാറയതോടെ ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ പലതും ഊര്‍ധ ശ്വാസം വലിച്ചു. പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട് 60 സര്‍ക്കുലറുകളാണ് ആര്‍.ബി. ഐ പിന്നീട് പുറത്തിറക്കിയത്. നികുതി വെട്ടിപ്പുകാര്‍ പതിവ് പോലെ കള്ളപ്പണം വെള്ളപ്പണമാക്കാന്‍ നോട്ട് നിരോധനം ഒരു വഴിയാക്കുകയും ചെയ്തു. കള്ളപ്പണം കണ്ടെടുക്കുക, അഴിമതി ഉന്‍മൂലനം ചെയ്യുക, വ്യാജ കറന്‍സി പിടിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് തുടക്കത്തില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ കള്ളപ്പണം കേവലം അഞ്ചു ശതമാനം മാത്രമേ പണമായി ഉള്ളൂവെന്നും ബാക്കി തുക റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നീ മേഖലകളിലൂടെയാണ് വിനിമയം നടക്കുന്നതെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ആര്‍.ബി.ഐ തന്നെ സര്‍ക്കാറിന്റെ വാദം അംഗീകരിക്കുന്നില്ല. ചുരുക്കത്തില്‍ കള്ളപ്പണം നോട്ട് നിരോധനത്തിലൂടെ കുറക്കാനായി എന്നതിന് ഒരു തരത്തിലുള്ള രേഖകളും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. വ്യാജ കറന്‍സികള്‍ക്ക് തടയിടാനാവുമെന്ന വാദവും പൊളിയുന്നതാണ് പിന്നീട് കണ്ടത്.

2017ല്‍ 28.1 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടികൂടിയത്. ഇത് വ്യാജ കറന്‍സികളുടെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനം വര്‍ധനവായിരുന്നു. സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ വ്യാജനാണ് പിടികൂടിയവയില്‍ ഏറെയും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറ്റം ചെയ്യുന്നത് തടയുമെന്നായിരുന്നു സര്‍ക്കാറിന്റെ മറ്റൊരു വാദം. എന്നാല്‍ 2016നെ അപേക്ഷിച്ച് 2017, 18 വര്‍ഷങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. 2015ല്‍ 728 പേര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ 2016ല്‍ ഇത് 905, 17ല്‍ 812, 18ല്‍ 940 എന്നിങ്ങനെ വര്‍ധിക്കുകയാണ് ചെയ്തത്. ഡിജിറ്റല്‍ ഇടപാട് നോട്ട് നിരോധനത്തിന്റെ ആദ്യ മാസങ്ങളില്‍ വര്‍ധിച്ചിരുന്നെങ്കിലും പിന്നീട് പണ വിനിയോഗം തന്നെ കൂടുതലായി ഉപയോഗത്തിലേക്ക് വരികയായിരുന്നു. നികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും നോട്ട് നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല താനും. നോട്ട് നിരോധനം കൊണ്ട് അസംഘടിത മേഖല തീര്‍ത്തും തരിപ്പണമായി. രാജ്യത്തിന്റെ ജി.ഡി.പി രണ്ട് ശതമാനം ഇടിഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് മാറി. ചെറുകിട വ്യവസായങ്ങള്‍ പലതും അടച്ചു പൂട്ടേണ്ടി വന്നു. ചുരുക്കത്തില്‍ സര്‍ക്കാര്‍ അവകാശപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം ലക്ഷ്യം കാണാതാവുകയും രാജ്യത്തെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലൊടിയുകയും ചെയ്ത ഒരു തെറ്റായ തീരുമാനമായി നോട്ട് നിരോധനം മൂന്ന് വര്‍ഷത്തിന് ശേഷവും അവശേഷിക്കുന്നു. രാജ്യത്തെ 66 ശതമാനം ജനങ്ങളും നോട്ട് നിരോധനം നെഗറ്റീവ് സ്വാധീനമാണ് ഉണ്ടാക്കിയതെന്ന അഭിപ്രായക്കാരാണ്. 28 ശതമാനം മാത്രമാണ് സര്‍ക്കാറിനെ പിന്തുണക്കുന്നത്.

SHARE