കോവിഡില്‍ വിറങ്ങലിച്ച് അമേരിക്ക; മരണം അയ്യായിരം കടന്നു

ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയുടേയും ആരോഗ്യ വിദഗ്ധരുടേയും കണക്കൂട്ടലുകള്‍പോലെതന്നെ കൊവിഡ 19 പകര്‍ച്ചവ്യാധിക്ക് മുന്നില്‍ വിറങ്ങലിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ അമേരിക്ക. മിനുറ്റുകള്‍ക്കുള്ളി രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ അമേരിക്കയില്‍ മരണം അയ്യായിരം കടന്നു.

പകര്‍ച്ചവ്യാധി ഭീതിയില്‍ അമര്‍ന്ന ട്രംപ് ഭരണകൂടം ആസ്പത്രികള്‍ നിറഞ്ഞുകവിയുന്ന രാജ്യത്ത് പുതിയ താത്കാലിക ആതുരസേവന മേഖലകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. എന്നാല്‍ കൊറോണ വൈറസ് എന്ന മഹാമാരിയെ കീഴടക്കാന്‍ അമേരിക്കയുടെ കോപ്പ്കൂട്ടലൊന്നും മതിയാകില്ലെന്നാണ് ആശങ്ക.

രോഗബാധിതരുടെ എണ്ണത്തില്‍ ദിവസങ്ങള്‍ മുമ്പ് തന്നെ ചൈനയെ മറികടന്ന അമേരിക്കയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മോശമായ ദിവസമാണ് കടന്നുപോയത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 884 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഒരു ദിവസത്തിനുള്ളില്‍ മരിക്കുന്ന ആളുകളുടെ എണ്ണത്തിലെ പുതിയ റെക്കോര്‍ഡാണിത്.

ജനസംഖ്യയിലും സമ്പത്തിലും ഒന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കാണ് ചൈനയില്‍ വുഹാന്‍ എന്നപോലെ അമേരിക്കയിലെ വൈറസ് കേന്ദ്രമായി മാറിയത്. ലോകനഗരങ്ങളില്‍ തന്നെ ആദ്യസ്ഥാനത്ത് നില്‍ക്കുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ രാജ്യത്തെയാകെയും ലോകത്തെ തന്നെയും ഭയപ്പെടുത്തുന്നത്. അമേരിക്കയില്‍ ആകെ മരിച്ചവരില്‍ രണ്ടായിരത്തിലേറെ പേരും മരിച്ചത് ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്. 83,000 ത്തിലേറെ ആളുകള്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ലോകത്താകമാനമായി കൊറോണ വൈറസ് ബാധ 9,36,170 പേരിലേക്കെത്തി. ലോകത്തെല്ലായിടത്തുമായി മരിച്ചവരുടെ എണ്ണം 47,248 ആയിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ മത്രം ഇതിനകം 2,16000 ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 5,110 പേര്‍ മരണപ്പെട്ടു. 8,878 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്ത് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് അമേരിക്ക. വേദനാജനകമായ ദിവസങ്ങളാണ് വരുന്നതെന്നാണ് ചൊവ്വാഴ്‍ച യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ജനങ്ങളോട് പറഞ്ഞത്. കൊറോണ വൈറസിനെതിരായ പോരാട്ടം ഇനിയുള്ള ഏതാനും ആഴ്‍ചകള്‍ അതി കഠിനമായിരിക്കുമെന്നും പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി വൈറസ് വ്യാപനം കുറയണമെങ്കില്‍ 30 ദിവസം കൂടി വേണ്ടി വരുമെന്നാണ് ട്രംപ് പറഞ്ഞത്.

24 മണിക്കൂറിനിടെ യുകെയിലും സ്പെയിനിലും റെക്കോര്‍ഡ് മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ 563 ഉം സ്പെയിനില്‍ 864 ഉം പേര്‍ കൂടി ബുധനാഴ്ച മരിച്ചു. ഇരുരാജ്യങ്ങളിലും ഒരറ്റദിവസത്തില്‍ കൊറോണബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇത് റെക്കോര്‍ഡാണ്. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുമുണ്ട്. യുകെയില്‍ ആകെ മരണം 2352 ഉം സ്പെയിനില്‍ 9387 ഉം ആണ്.

ഇറ്റലിയില്‍ മാത്രം 13,155 പേര്‍ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 727 മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ -4032, ചൈന-3312, ഇറാന്‍-3036,നെതര്‍ലന്‍ഡ്‌സ്-1173 എന്നിങ്ങനെയാണ് ആകെ മരിച്ചവരുടെ എണ്ണം. ഒരാഴ്ച കൊണ്ട് ലോകമാകമാനം നാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

SHARE