സ്‌കൂളില്‍ പൗരത്വനിയമത്തിനെതിരെ നാടകം; അധ്യാപികയും വിദ്യാര്‍ത്ഥിയുടെ മാതാവും രാജ്യദ്രോഹത്തിന് അറസ്റ്റില്‍

ബാംഗളൂരു: പൗരത്വ നിയമഭേദഗതിയെ വിമര്‍ശിച്ച് നാടകം കളിച്ച സംഭവത്തില്‍ അധ്യാപികക്കും വിദ്യാര്‍ത്ഥിയുടെ മാതാവിനുമെതിരെ കേസെടുത്തു. കര്‍ണാടകയിലെ ബിദാറിലെ സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ രക്ഷിതാവിനും പ്രധാന അധ്യാപികയ്ക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷികത്തിനാണ് വടക്കന്‍ കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റിലെ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികള്‍ നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും പൗരത്വ നിയമത്തെ ചോദ്യം ചെയ്യുന്നതുമായിരുന്നു നാടകത്തിന്റെ ഉള്ളടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാടകം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി എന്നതടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സെക്ഷന്‍ 124എ, 504, 505(2), 153എ, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം, പൊലീസ് നടപടിക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാര്‍ത്ഥികളേയും സ്‌കൂള്‍ ജീവനക്കാരേയും പൊലീസ് മാനസികമായി ഉപദ്രവിക്കുകയാണെന്ന് ഷാഹീന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ തൗസീഫ് മടിക്കേരി പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്‌കൂളിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

SHARE