പ്രവാസികളും പ്രതിഷേധ പാതയില്‍

അഷ്‌റഫ് വേങ്ങാട്ട്

വിദേശ രാജ്യങ്ങളുടെപോലും ഉത്കണ്ഠക്ക് വഴിമാറി ഇന്ത്യയില്‍ നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ രാജ്യത്തെ ജനങ്ങളെ ഏത് വിധത്തില്‍ ബാധിക്കുമെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് ലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയ രാജ്യങ്ങള്‍. ചില ഗള്‍ഫ് രാജ്യങ്ങള്‍ അവരുടെ ഭരണ നിര്‍വഹണ സഭയില്‍ തന്നെ പ്രമേയങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ പ്രവാസികള്‍ അയക്കുന്ന വിദേശനാണ്യം ഉപയോഗപ്പെടുത്തുമ്പോള്‍തന്നെ അവരുടെ ആശങ്കകളും ഭീതിയും പരിഹരിക്കേണ്ട ബാധ്യതകൂടി നാട് ഭരിക്കുന്നവര്‍ക്കുണ്ട്. വികൃതമായ മനസ്സുകളില്‍ രൂപപ്പെടുന്ന വികലമായ ചിന്തകളും കാഴ്ചപ്പാടുകളും രാജ്യം കാത്തുസൂക്ഷിച്ച പാരമ്പര്യത്തെയും മൂല്യങ്ങളെയും തകര്‍ക്കുമ്പോള്‍ വിദേശ രാജ്യങ്ങളില്‍പോലും പ്രതിച്ഛായ നഷ്ടമാകുന്നത് തിരിച്ചറിയാതെ പോകരുത്.

രാജ്യത്തിന്റെ സമ്പദ്ഘടന പലപ്പോഴും പിടിവിട്ടു തകര്‍ന്നടിയാതെ നിലനിന്നതില്‍ പ്രവാസികള്‍ അയയ്ക്കുന്ന വിദേശ നാണ്യത്തിനും കാതലായ പങ്കുണ്ട്. ജന്മനാട് പൗരത്വം ഉറപ്പിച്ചുനല്‍കിയ പാസ്‌പോര്‍ട്ടുമായാണ് പ്രവാസികള്‍ വിമാനമിറങ്ങിയതും നിലനില്‍ക്കുന്നതും. ജനാധിപത്യവും മതേതരത്വവും കാവലുള്ള രാജ്യക്കാരെന്ന നിലയില്‍ ഇതര രാജ്യക്കാര്‍ക്കിടയില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്നിരുന്നു. ഭരണഘടനയും ഭരണകൂടവും ഭരണീയരുമെല്ലാം സുരക്ഷിതമായി നിലകൊള്ളുന്ന രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ഇന്ത്യയുടെ സ്വത്വം വാനോളം ഉയര്‍ത്തിപിടിച്ചവരാണ് പ്രവാസികള്‍. ഇന്ത്യയിലെന്ന പോലെ പ്രവാസലോകത്ത് ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും സിക്കുകാരനും പാഴ്‌സിയും ജൈനനും ബുദ്ധനുമെല്ലാം ഒരു മാലയില്‍ കോര്‍ത്ത മുത്തുമണികളാണ്. പരസ്പരം ആദരിച്ചും ബഹുമാനിച്ചും സ്‌നേഹിച്ചും സൗഹൃദം പങ്കിട്ടും സന്തോഷത്തിലും ദുഃഖത്തിലും പങ്ക്‌ചേര്‍ന്നും ഒത്തൊരുമയോടെ പോകുന്നവരാന് പ്രവാസികള്‍. ഒരേ മുറിയില്‍ അന്തിയുറങ്ങുന്ന ഏകോദര സഹോദരങ്ങളാണ്. ഒരേ അടുക്കളയില്‍നിന്ന് ഭക്ഷണമുണ്ടാക്കി ഒരേ പാത്രത്തില്‍നിന്ന് വിശപ്പ് തീരുന്നതുവരെ കഴിക്കുന്നവരാണ്.

നാനാത്വത്തില്‍ ഏകത്വത്തിലൂന്നി ജീവിക്കുന്ന ദശലക്ഷക്കണക്കിനു പ്രവാസികളുടെ കുടുംബങ്ങളും ബന്ധുക്കളും നാട്ടുകാരും ഒട്ടും സുരക്ഷിതമല്ലാത്ത നിയമവ്യവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ കാതങ്ങള്‍ക്കകലെയാണെങ്കിലും ശബ്ദിക്കാതിരിക്കാനാവില്ല. പിറന്ന മണ്ണില്‍ ജീവിക്കാന്‍ ജോലിയൊന്നും ലഭിക്കാതെ ഉപജീവനം തേടി പോന്നവരാണ് പ്രവാസികള്‍. പ്രവാസത്തോടൊപ്പം പൗരത്വ നിഷേധംകൂടി സഹിക്കാനുള്ള മനക്കരുത്ത് പ്രവാസി സമൂഹത്തിനില്ല. പ്രവാസികള്‍ ഒറ്റകെട്ടായി തന്നെയാണ് ആ ശബ്ദം പാശ്ചാത്യ പൗരസ്ത്യ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് മുഴക്കുന്നത്.

ഉപജീവനം നല്‍കിയ രാജ്യങ്ങളില്‍ ജീവിക്കുന്നത് സ്വദേശികളെപോലെതന്നെ അന്തസ്സോടെയും അഭിമാനത്തോടെയുമാണ്. തൊഴില്‍ രഹിതരായ നിരവധി പൗരന്മാര്‍ ഈ രാജ്യങ്ങളില്‍ നിലകൊള്ളുമ്പോഴും ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മേഖലകളില്‍ അവര്‍ ഇടം നല്‍കുന്നുണ്ട്. ഓരോരുത്തരുടെയും കഴിവിനനുസരിച്ചുള്ള ജോലിയില്‍ മുഴുകുമ്പോഴും അവരാരും ജാതിയും മതവും വര്‍ഗവും വര്‍ണ്ണവും നോക്കാറില്ല. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലിയും നല്‍കുന്ന വിദേശികളായ സംരംഭകര്‍ ഇന്ത്യക്കാരന്‍ എന്ന പ്രൗഢമായ ചിന്തയിലാണ് ഈ സൗകര്യങ്ങള്‍ ചെയ്തുതരുന്നത്. ആ പ്രൗഢിക്ക് മങ്ങലേല്‍പ്പിക്കരുത്, ആ അഭിമാനത്തിന് ക്ഷതമരുത്, പ്രവാസ ലോകത്ത് ഇന്ത്യക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്നവരെ ജാതി മത വര്‍ഗ വര്‍ണ്ണ ചിന്തകളുടെ പേരില്‍ വിഭജിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കരുത്. ആരെയും അന്യവത്കരിക്കപ്പെടുന്ന അവസ്ഥക്ക് കാതോര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

ജനാധിപത്യത്തിനും മതേതരത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ബഹുജന പ്രതിഷേധത്തില്‍ പങ്കാളികളായി പ്രവാസി സമൂഹവും പ്രത്യക്ഷമായ പോരാട്ടത്തിന്റെ പാതയിലേക്കിറങ്ങുകയാണ്. പ്രവാസ ലോകത്ത് കരുത്താര്‍ജ്ജിച്ച പ്രതിഷേധ പരിപാടികളാണ് നാട്ടിലേക്ക് പറിച്ചുനടുന്നത്. ഇതാദ്യമായാണ് പ്രവാസലോകത്തെ ഒരു സംഘടന പൗരത്വഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നാട്ടില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്ത്‌വരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയുമായി കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി ഇന്ന് കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുകയാണ്. പ്രവാസ ലോകത്ത് തന്നെ എണ്ണമറ്റ പ്രതിസന്ധികള്‍ നേരിടുമ്പോഴാണ് ജനിച്ച നാട്ടില്‍നിന്ന്തന്നെ അന്യവത്കരിക്കപ്പെടുന്ന ഭീതിജനകമായ വാര്‍ത്ത വരുന്നത്. മഹത്തായ ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവണ്‍മന്റ് നീക്കം മതേതരത്വ ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാരില്‍ സൃഷ്ടിച്ച ആശങ്കയുടേയും അങ്കലാപ്പിന്റേയും ബഹിര്‍ സ്ഫുരണങ്ങള്‍ പ്രവാസലോകത്തും വ്യാപകമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അധിവസിക്കുന്ന വിദേശ ഗള്‍ഫ് രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും പിറന്ന മണ്ണില്‍ അഭിമാനകരമായ അസ്തിത്വത്വവുമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കരുതെന്നു ഉണര്‍ത്താനുമാണ് പ്രവാസലോകത്ത് നിന്നുള്ള ഈ ഉപവാസത്തിന്റെ ലക്ഷ്യം.

SHARE