പ്രവാസി വോട്ട് ചേര്‍ക്കുന്നതിലെ സാങ്കേതികത്വം ഉടന്‍ പരിഹരിക്കണം; കെ.എം.സി.സി

കുവൈത്ത് സിറ്റി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി അടുത്തിരിക്കെ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന വെബ് സൈറ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യ ക്ഷമമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഢലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസി വോട്ടിന്റെ വെബ്‌സൈറ്റ് കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രവാസികള്‍ക്കും, മറ്റും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

മാത്രവുമല്ല സൈറ്റില്‍ ജനന തിയ്യതി, പാസ്‌പോര്‍ട്ട് ഇഷ്യൂ എക്‌സ്പയറി, വിസ ഇഷ്യൂ എക്‌സ്പയറി തിയ്യതികള്‍ എന്നിവ ശരിയായ വിവരങ്ങള്‍ നല്‍കിയാലും ഒടുവില്‍ പ്രിന്റില്‍ തെറ്റായ വിവരങ്ങളാണ് വരുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഒരോ പൗരന്റെയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ ആദ്യ പടിയായ വോട്ട് ചേര്‍ക്കലുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഢലം കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ കൈതക്കാട്, ജനറല്‍ സെക്രട്ടറി ഫാറൂഖ് തെക്കേക്കാട്, ഖജാഞ്ചി സലീം ഉദിനൂര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രസ്തുത ആവശ്യമുന്നയിച്ച് കേരളാ തെരെഞ്ഞെടുപ്പ് കമ്മിഷന് ഇ-മെയില്‍ സന്ദേശം അയക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

SHARE