എസ്.പി.ജി സുരക്ഷക്ക് പിന്നാലെ എന്‍.എസ്.ജി കമാന്‍ഡോകളെയും പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗാന്ധി കുടുംബങ്ങള്‍ക്ക് നല്‍കിവന്ന എസ്.പി. ജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ വി.ഐ.പികള്‍ക്ക് നല്‍കി വന്ന സുരക്ഷാ ചുമതലകളില്‍ നിന്ന് എന്‍.എസ്.ജി കമാന്‍ഡോകളെയും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
രണ്ട് പതിറ്റാണ്ടിലേറെയായി ഭീകരവിരുദ്ധ സേനയുടെ ഭാഗമായുള്ള ബ്ലാക്ക് കാറ്റ് കമാന്‍ഡോകളെ വി.ഐ. പി സംരക്ഷണ ചുമതലകളില്‍ നിന്ന് പുറത്താക്കുന്നത്. 1984ല്‍ സേനയുടെ രൂപീകരണ സമയത്ത് വി.ഐ.പി ചുമതല ചാര്‍ട്ടര്‍ ചെയ്തിരുന്നില്ല.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് സുരക്ഷ നല്‍കുന്ന എന്‍.എസ്.ജിയുടെ സംരക്ഷണ ചുമതലകള്‍ ഉടന്‍ അര്‍ദ്ധ സൈനിക വിഭാഗത്തിലേക്ക് മാറ്റുമെന്ന് സുരക്ഷാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, മുലായംസിഗ്, ചന്ദ്രബാബു നായിഡു, പ്രകാശ് സിംഗ് ബാദല്‍, ഫറൂഖ് അബ്ദുല്ല, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി എന്നിവര്‍ എന്‍.എസ്.ജി സംരക്ഷകരാണ്. എന്‍.എസ്.ജിയുടെ യഥാര്‍ത്ഥ ജോലികളായ ഭീകരവിരുദ്ധ പോരാട്ടത്തിലേക്ക് മടക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് പറയപ്പെടുന്നു. വി.ഐ.പി ചുമതലകളില്‍ നിന്ന് എന്‍.എസ്.ജിയെ ഒഴിവാക്കുന്നതിലൂടെ 450ാളം കമാന്‍ഡോകളെ രാജ്യത്തെ വിവിധ ഹബ്ബുകളിലായി വ്യാപിച്ചുകിടക്കുന്ന സേനയെ ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ എന്‍.എസ്.ജിയുടെ പരിധിയിലുള്ള വി. ഐ. പികളുടെ സുരക്ഷ അര്‍ദ്ധ സൈനിക വിഭാഗങ്ങളായ സി. ആര്‍. പി.എഫ്, സി.ഐ. എസ്.എഫ് എന്നിവക്ക് കൈമാറും.
ഏതാണ്ട് 130 ാളം പ്രമുഖര്‍ക്ക് ഇവര്‍ നിലവില്‍ സംരക്ഷണം നല്‍കുന്നുണ്ട്. നേരത്തെ ഡോ. മന്‍മോഹന്‍സിങ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരുടെ സുരക്ഷ സി.ആര്‍.പി. എഫിന് കൈമാറിയിരുന്നു.