മതഭ്രാന്തും ഭീതിയും പരത്തി, ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്നു; ട്രംപിനെ ശക്തമായി വിമര്‍ശിച്ച് ഒബാമ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. മതഭ്രാന്തും ഭീതിയും ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം അപലപിച്ചു. ഇല്ലിനോയിസ് സര്‍വകലാശാലയിലെ പ്രസംഗത്തിലാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഒബാമ വിമര്‍ശിച്ചത്. നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒബാമയുടെ ഓരോ വാക്കും ട്രംപിന് നേരെയുള്ള വിമര്‍ശന ശരങ്ങളായിരുന്നു. ആദ്യമായാണ് ട്രംപിനെ ഒബാമ നേരിട്ട് വിമര്‍ശിക്കുന്നത്.

ജനങ്ങളെ ഭിന്നിപ്പിക്കുകയും ക്ഷുഭിതരാക്കുകയും ചെയ്യുന്ന നയങ്ങളാണ് ട്രംപ് പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി രാഷ്ട്രീയക്കാര്‍ വിതച്ചുകൊണ്ടിരിക്കുന്ന വിദ്വേഷത്തെ മുതലെടുക്കുകയാണ് ട്രംപ്. ഇത് അദ്ദേഹത്തില്‍ തുടങ്ങിയതല്ല. ഇതൊരു ലക്ഷണമാണ്. കാരണല്ല.-ഒബാമ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെയും അദ്ദേഹം ആഞ്ഞടിച്ചു.

ട്രംപിന്റെ ദുഷ്‌ചെയ്തികളുടെ പ്രത്യാഘാതങ്ങളില്‍നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനെ ഉറ്റസുഹൃത്താക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ യു.എസ് ഭരണകൂടം ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ ട്രംപ് ഭീഷണി മുഴക്കുന്നു. വംശീയ വിദ്വേഷ പ്രേരിതമായ അക്രമങ്ങളെ ട്രംപ് ന്യാകീരിച്ച സംഭവങ്ങളും ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഒബാമ പരാര്‍ശിച്ചു.

ഇത്തരം സ്വഭാവങ്ങള്‍ തടയാന്‍ ആരോഗ്യപൂര്‍ണമായ ഒരു ജനാധിപത്യത്തില്‍ മാര്‍ഗങ്ങളുണ്ട്. പക്ഷെ, ഇപ്പോള്‍ ഒന്നും സംഭവിക്കുന്നില്ല. കാര്യങ്ങള്‍ നല്ലപോലെ അറിയുന്ന യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന് കാവലൊരുക്കുകയാണ് ചെയ്യുന്നതെന്നും ഒബാമ കുറ്റപ്പെടുത്തി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കുള്ള ആരോഗ്യപരിരക്ഷ എടുത്തുകളഞ്ഞ് സമ്പന്നര്‍ക്ക് നികുതി ഇളവ് നല്‍കിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രീയ തത്വങ്ങളെപ്പോലും ട്രംപ് തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒബാമയുടെ വിമര്‍ശനങ്ങളെ ട്രംപ് പുച്ഛിച്ചു തള്ളി. ഒബാമയുടെ പ്രസംഗം കേട്ട് താന്‍ ഉറങ്ങിപ്പോയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രസംഗം ഞാന്‍ വീക്ഷിച്ചു. പക്ഷെ, ഞാന്‍ ഉറങ്ങിപ്പോയി. ആളുകള്‍ക്ക് ഉറക്കം കിട്ടാന്‍ ഒബാമയുടെ പ്രസംഗം നല്ലതാണെന്നും ട്രംപ് കളിയാക്കി.

SHARE