ഓഖി ദുരന്തം: കേന്ദ്രസംഘം കേരളത്തിലെത്തി

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരിതബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് . മൂന്ന് സംഘങ്ങളായി രിരിഞ്ഞ് തിരുവനന്തപുരം കൊല്ലം, ആലപ്പുഴ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ഓഖി ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ കലക്ടര്‍മര്‍ സംഘത്തിനൊപ്പം ഉണ്ടാകും .

ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക് കേന്ദ്രസഹായം അടിയന്തിരമായി വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട് . 7340 കോടി രൂപയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ എത്തിയ സംഘം മുഖ്യമന്ത്രിയുമായും റവന്യു മന്ത്രി അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുമായി വൈകുന്നേരമായിരിക്കും കൂടിക്കാഴ്ച്ച. നാശ നഷ്ടം സംഭവിച്ച വീടുകള്‍ , റോഡുകള്‍ , ബോട്ടുകല്‍ തുടങ്ങി എല്ലാം സംഘം നേരില്‍ കണ്ട് വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കും . ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര സഹായം ലഭിക്കുക. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോള്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള സമഗ്ര വിവരണവും നടത്തിയിരുന്നു. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നും മത്സ്യബന്ധനത്തിനുപോയ 208പേരെ ഇനിയും കാണാനുണ്ടെന്നാണ് കണക്ക്.