സൂപ്പര്‍ കപ്പ് : സെമിയില്‍ ബഗാന്‍ – ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ പോരാട്ടം

ഭുവനേശ്വര്‍: ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്ത് മോഹന്‍ ബഗാന്‍ എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പ് സെമിയില്‍ . എസ്.കെ ഫയാസ്, നിഖില്‍ കദം, അക്രം മൊഗ്‌റാബി എന്നിവര്‍ കൊല്‍ക്കത്ത ടീമിന്റെ ഗോളുകള്‍ നേടിയപ്പോള്‍ അബ്ദുലയെ കോഫിയിലൂടെയാണ് ലജോങ് ആശ്വാസം കണ്ടത്. ഇന്ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഐ.എസ്.എല്‍ ടീമുകളായ ജാംഷെഡ്പൂരും എഫ്.സി ഗോവയും ഏറ്റുമുട്ടും. നേരത്തെ ഒരു ഗോളിന് ഐസ്വാൡനെ കീഴടക്കിയ ഈസ്റ്റ് ബംഗാളിനെയാണ് ബഗാന് സെമിയില്‍ നേരിടാനുള്ളത്.

തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബഗാന്‍ 12-ാം മിനുട്ടില്‍ ഫയാസിലൂടെ മുന്നിലെത്തി. അസര്‍ ദീപാന്ദ ഉയര്‍ത്തി നല്‍കിയ പന്ത് ഓടി സ്വീകരിച്ചായിരുന്നു ഫയാസിന്റെ ഗോള്‍. 22-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു നിന്ന് നിഖില്‍ കദം തൊടുത്ത കരുത്തന്‍ ഷോട്ട് ബഗാന്റെ ലീഡുയര്‍ത്തി. 25-ാം മിനുട്ടില്‍ ഷില്ലോങിന് അനുകൂല പെനാല്‍ട്ടി ലഭിച്ചെങ്കിലും സാമുവല്‍ ലാല്‍മന്‍പുയ്യയുടെ ദുര്‍ബലമായ ഷോട്ട് ഷില്‍ട്ടന്‍ പോള്‍ തട്ടിയകറ്റി. 28-ാം മിനുട്ടില്‍ ബഗാന്‍ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് അബ്ദുലയെ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ലജോങ് ആക്രമണം ശക്തമാക്കിയെങ്കിലും 60-ാം മിനുട്ടില്‍ അരിജിത് ബാഗുയിന്റെ ക്രോസില്‍ നിന്ന് ഡൈവിങ് ഹെഡ്ഡറുതിര്‍ത്ത് അക്രം മൊഗ്‌റാബി ജയം ബഗാന്റേതാക്കി.