നായനാരുടെ അതിരുവിട്ട കുസൃതി

കെ.പി ജലീല്‍
മുന്‍മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ഇ.കെ നായനാര്‍ വോട്ട് രേഖപ്പെടുത്തിയശേഷം അത് പരസ്യമാക്കിയ സംഭവം കേരളത്തിന്റെയും രാജ്യത്തിന്റെയും തിരഞ്ഞെടുപ്പുചരിത്രത്തില്‍ മായാതെ കിടപ്പുണ്ട്. 199ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു നായനാരുടെ ഈ ഗൗരവതരമായ കുസൃതിത്തരം.
കണ്ണൂര്‍ ജില്ലയിലെ കല്യാശേരി പോളിടെക്‌നിക്കിലായിരുന്നു മുഖ്യമന്ത്രിയായ നായനാരുടെയും കുടുംബത്തിന്റെയും വോട്ട്. രാവിലെ 9മണിയോടെ വോട്ട് രേഖപ്പെടുത്താന്‍ കുടുംബസമേതമെത്തിയ നായനാരെ പൊതിഞ്ഞ് ഫോട്ടോഗ്രാഫര്‍മാര്‍. പ്രിസൈഡിംഗ് ഓഫീസറുടെ അനുമതിയോടെ വാര്‍ത്താഫോട്ടര്‍ഗ്രാഫര്‍മാര്‍ ബൂത്തിലെത്തി നായനാരുടെ വോട്ടുരേഖപ്പെടുത്തുന്ന ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രാഷ്ട്രീയ-തിരഞ്ഞെടുപ്പുചരിത്രത്തിലെ അപൂര്‍വചിത്രത്തിന് അവസരം വന്നത്. വോട്ടുരേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പര്‍ പൊക്കിപ്പിടിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്കുനേരെ തിരിഞ്ഞ മുഖ്യമന്ത്രിയുടെ നേര്‍ക്ക് ക്യാമറാഫഌഷുകള്‍ തുരുതുരാ മിന്നി. ചെറിയ മറക്കുള്ളിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ചിത്രം പിറ്റേന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നതോടെ സംഭവം വന്‍വിവാദമായി.
മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും നടപടി വേണമെന്നുമായി പ്രതിപക്ഷം. 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ ബാലറ്റിന്റെ രഹസ്യസ്വഭാവം പാലിക്കാന്‍ നിര്‍ദേശിക്കുന്ന 132 എ വകുപ്പ് മുഖ്യമന്ത്രി ലംഘിച്ചുവെന്നായിരുന്നു പരാതി. പക്ഷേ പ്രിസൈഡിംഗ് ഓഫീസറോട് വിശദീകരണം തേടിയശേഷം തിരഞ്ഞെടുപ്പുകമ്മീഷന്‍ കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എയായ എ.പി അബ്ദുല്ലക്കുട്ടിയായിരുന്നു അന്നത്തെ സി.പി.എം ലോക്‌സഭാസ്ഥാനാര്‍ത്ഥി.
വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കുന്നതിനുപകരം വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് 1982ല്‍ കേരളത്തിലെ വടക്കന്‍പറവൂര്‍ നിയമസഭാഉപതിരഞ്ഞെടുപ്പിലായിരുന്നു. 1999ല്‍ പലസംസ്ഥാനത്തും ഭാഗികമായും 2004 ലോക്‌സഭാതിരഞ്ഞെടുപ്പുമുതല്‍ പൂര്‍ണമായും ഇത് നടപ്പാക്കി. വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തിയത് ഉറപ്പുവരുത്തുന്ന വിവിപാറ്റ് യന്ത്രം നടപ്പാക്കിയത് 2014ല്‍ ഭാഗികമായിരുന്നു. ഇത്തവണ എല്ലാ ബൂത്തിലുമാക്കി.

SHARE