ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാര്‍

മസ്‌കറ്റ് : ഒമാനില്‍ കുടിവെള്ള പദ്ധതിക്കായി തയ്യാറാക്കിയ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങി മരിച്ച ആറുതൊഴിലാളികളും ഇന്ത്യക്കാരെന്ന് സൂചന. ഒമാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ വ്യക്തമാക്കി.

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന ജലവിതരണ പദ്ധതി സ്ഥലത്താണ് അപകടം സംഭവിച്ചത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ കാര്യങ്ങള്‍ക്കും എംബസി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയില്‍ ഇവര്‍ ജോലി ചെയ്തിരുന്ന പൈപ്പില്‍ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.

SHARE