കൊവിഡ് പ്രതിരോധം; കേരളത്തെ അഭിനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം കേരള സ്പീക്കറെയാണ് അറിയിച്ചത്.

നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭിനനന്ദനം അറിയിച്ചതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞതായാണ് സ്പീക്കറുടെ ഓഫീസ് പറഞ്ഞത്.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തിയിരുന്നു. മരണങ്ങള്‍ തടയാന്‍ ഫലപ്രദമായി കേരളത്തിന് കഴിഞ്ഞെന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

SHARE