സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇടുക്കി സ്വദേശി വത്സമ്മ ജോയ്

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ്(59) ആണ് മരിച്ചത്. എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച്ചയാണ് വൽസമ്മയെ നെഞ്ചുവേദനയെ തുടർന്ന് ഇടുക്കിയിൽ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്ന വൽസമ്മ ജോയ് ഹൃദയസ്തംഭനം മൂലം മരിച്ചത്.

എവിടെ നിന്നാണ് വൽസമ്മക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. രാജാക്കാടുള്ള ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു വൽസമ്മ. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഏലത്തോട്ടത്തിലെ മറ്റ് തൊഴിലാളികളെയും വൽസമ്മയുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കും.