‘പിന്നെ അവര്‍ കഴിക്കുന്നത് വെണ്ണപ്പഴമാണോ’?; നിര്‍മ്മലാ സീതാരാമനെതിരെ വിമര്‍ശനവുമായി ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഉള്ളി വില പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പി ചിദംബരം. ഉള്ളികഴിക്കാതെ പിന്നെ അവര്‍ കഴിക്കുന്നത് വെണ്ണപ്പഴമാണോ എന്ന് ചിദംബരം ചോദിച്ചു. തന്റെ വീട്ടില്‍ ഉള്ളി കഴിക്കാറില്ലെന്നും അതിനാല്‍ ഉള്ളിയുടെ വില വ്യക്തിപരമായി ബാധിക്കാറില്ലെന്നുമായിരുന്നു നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശം.

ഉള്ളി കഴിക്കാറില്ലെന്ന് നിര്‍മ്മലാസീതാരാമന്‍ പറയുന്നു. പിന്നെ അവര്‍ വെണ്ണപ്പഴമാണോ കഴിക്കുന്നതെന്ന് ചിദംബരം ചോദിച്ചു. ‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നുമായിരുന്നു ലോക്‌സഭയില്‍ മന്ത്രിയുടെ പ്രസ്താവന. മന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത്. ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.

ഐ.എന്‍.എക്‌സ് മീഡിയ ഇടപാട് കേസില്‍ ജാമ്യം പി. ചിദംബരം ഇന്നലെയാണ് ജയില്‍മോചിതനായത്. രാത്രി എട്ടോടെയാണ് ചിദംബരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. തനിക്കുമേല്‍ ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. ജയിലിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ചിദംബരത്തിന് വന്‍സ്വീകരണം നല്‍കിയിരുന്നു.

രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട് സഹകരിക്കണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പരസ്യ പ്രസ്താവന നടത്തരുത്,കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്.

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി. ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹര്‍ജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.