ഹൃദയാഘാതം; പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.

തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു പത്മജ. മകന്‍ എംആര്‍ രാജാകൃഷ്ണന്‍ ചെന്നൈയില്‍ സൗണ്ട് ഡിസൈനറാണ്. മകള്‍ കാര്‍ത്തിക ദുബൈയിലാണ്.

2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനു വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. മകൻ എം.ആർ രാജാകൃഷ്ണനായിരുന്നു സംഗീത സംവിധായകൻ. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ലളിതഗാനങ്ങളുടെ വരികളും പത്മജ എഴുതിയിട്ടുണ്ട്. എഴുപതുകളിൽ മികച്ച ചെറുകഥകൾ എഴുതിയിരുന്നു. ജനയുഗം ചെറുകഥ മത്സരത്തിൽ സമ്മാനം നേടി. മാതൃഭൂമി ആഴ്ച പതിപ്പ് ജനയുഗം തുടങ്ങിയ മുഖ്യധാര മാസികകളിൽ എഴുതിയിരുന്ന എം.പി പത്മജ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.