കൊറോണയും തോറ്റുപോവും; ചൈനീസ് യുവാവ് ഓടിത്തീര്‍ത്തത് 66 കിലോമീറ്റര്‍

ഭീതിയുയര്‍ത്തി നിരവധി പകര്‍ച്ചവ്യാധികളാണ് ഇതിനകം ലോകത്ത് വന്നുപോയത്. നിലവില്‍ ചൈനയെ പിടിമുറുക്കിയ നോവല്‍ കൊറോണ വൈറസ് അത്തരത്തില്‍ മരണഭയം നിറച്ച് നിലനില്‍ക്കുകയാണ്. എന്നാല്‍ കൊറോണ വൈറസിനേയും തോല്‍പ്പിക്കുന്ന തരത്തിലാണിപ്പോള്‍ ചൈനീസ് യുവാവായ പാന്‍ ഷാന്‍കു മരണഭയത്തിലായ നാട്ടുകാര്‍ക്ക് ധൈര്യം പകരുന്നത്.

കൊറോണ പടര്‍ന്നതില്‍ പിന്നെ ചൈനീസ് നഗരങ്ങള്‍ നിശ്ചലമായതോടെ പുറത്തിറങ്ങാന്‍ പോലും ആവാത്ത നിലയിലാണ് ജനങ്ങള്‍. എന്നാല്‍ വീട്ടിനുള്ളില്‍ നിന്നു കൊണ്ട്തന്നെ കുറഞ്ഞത് 66 കിലോമീറ്ററെങ്കിലും ഓടിയാണ് പാന്‍ ചൈനക്കാര്‍ക്ക് ആവേശം പകര്‍ന്നത്. വീട്ടിനുള്ളില്‍ കട്ടിലുകള്‍ക്ക് ഇടയിലൂടേയും മുറികളിലൂടേയുമായി 6 മണിക്കൂറിലേറെ ഓടുന്ന പാനിന്റെ തത്സമയം ദൃശ്യം ആയിരക്കണക്കിന് ആളുകളാണ് കണ്ടതെന്ന്, ചൈനയുടെ ഔദ്യോഗിക നെറ്റ്‌വര്‍ക്ക് ടിവിയായ സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹാങ്ഷൗവില്‍ താമസിക്കുന്ന മാരത്തണ്‍ പ്രേമിയായ പാന്‍ ഷാന്‍കു തന്റെ പരിശീലനത്തിന്റെ ഭാഗമായാണ് വൈറസ് ഭീതിയേയും തോല്‍പ്പിച്ച് ഓടിയത്. തന്റെ വിശ്രമമുറിയില്‍ ഇരുന്ന് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ നടത്താല്‍ എനിക്കാവുമെന്ന് പാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാന്‍ ഷാന്‍കു ഓടുന്നതിന്റെ തത്സമയ സ്ട്രീമില്‍ നിരവധിയാളുകളാണ് പ്രതികരിച്ചത്. പാന്റെ പോരാട്ടം തങ്ങളുടെ ഭീതിയെ അകറ്റിയതായും വളരെയധികം ആവേശം പകര്‍ന്നതായും, പലരും പ്രതികരിച്ചു. യുവാവിന്റെ മാരത്തണ്‍ ഓട്ടം പലര്‍ക്കും പ്രചോദനമായെന്നും കൊറോണ ഭീതിയില്‍ മുറികള്‍ക്കുള്ളില്‍ കഴിയുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് കാരണമായെന്നും ചൈനീസ് മാധ്യമ ലോകം വിലയിരുത്തി.
പാന്റെ പരിശീലനം പ്രചരിച്ചതോടെ സമാന പരിശീലന രീതികളുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

2019 ഡിസംബറില്‍ വുഹാന്‍ നഗരത്തിലാണ് ആദ്യമായി നോവല്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. വൈറസ് ബാധ മൂലം കോവിഡ് 19 എന്നറിയപ്പെടുന്ന രോഗം ബാധിച്ച് ആദ്യ മരണവും റിപ്പോര്‍ട്ട് ചെയ്ത് ഇതേ സ്ഥലത്ത് തന്നെയാണ്. രണ്ടു മാസത്തിനിടെ ഇതിനകം 1,500 ല്‍ അധികം ആളുകളാണ് ചൈനയില്‍ മാത്രം മരണപ്പെട്ടത്. വൈറസ് ബാധയെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഐസലേഷന്‍ വാര്‍ഡുകളിലാണെന്നാണ് റിപ്പോര്‍ട്ട്.