അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെ പാര്‍ലമെന്റ് പിരിഞ്ഞു

അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെ പാര്‍ലമെന്റ് പിരിഞ്ഞു

ന്യൂഡല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസും ടി.ഡി.പിയും കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ടി.ആര്‍.എസ്, അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്നാണ് സഭ പിരിഞ്ഞത്. തെലുങ്കാനയില്‍ സംവരണം ഉയര്‍ത്തണം എന്നാവശ്യപ്പെട്ടായിരുന്നു ടി.ആര്‍.എസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ടാണ് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ബഹളം വെച്ചത്.

അവിശ്വാസപ്രമേയം അടക്കം എല്ലാവിഷയങ്ങളും പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞെങ്കിലും അംഗങ്ങള്‍ ചെവികൊണ്ടില്ല. സീറ്റുകളില്‍ പോയിരിക്കാന്‍ സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുസരിക്കാന്‍ ടി.ആര്‍.എസ്, എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി കക്ഷികള്‍ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. വെള്ളിയാഴ്ചയാണ് ടി.ഡി.പി എന്‍.ഡി.എ ബന്ധം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

അവിശ്വാസപ്രമേയത്തെ എതിര്‍ക്കാനോ പിന്തുണക്കാനോ ഇല്ലെന്ന് ശിവസേന വ്യക്തമാക്കി. പ്രതിപക്ഷത്തേയോ കേന്ദ്രസര്‍ക്കാറിനെയോ പിന്തുണക്കാതെ വിട്ടുനില്‍ക്കുമെന്ന് ശിവസേന എം.പി അരവിന്ദ് സാവന്ദ് പറഞ്ഞു. അവിശ്വാസപ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. അവിശ്വാസപ്രമേയത്തെ മറികടക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

NO COMMENTS

LEAVE A REPLY