‘വിവാഹങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് മാറ്റിവെക്കുക; വേണമെങ്കില്‍ ചടങ്ങുകള്‍ നടത്തുക’; പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ്

പത്തനംതിട്ട: കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ മുന്‍കരുതലിന്റെ ഭാഗമായി കല്യാണങ്ങളും ആഘോഷങ്ങളും പതിനഞ്ച് ദിവസത്തേക്കെങ്കിലും നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ പിബി നൂഹ്. ആഘോഷങ്ങള്‍ മാറ്റിവെക്കുക, അല്ലെങ്കില്‍ നിര്‍ബന്ധമാണെങ്കില്‍ മതപരമായ ചടങ്ങുകള്‍ മാത്രം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്നും കളക്ടര്‍ നൂഹ് അറിയിച്ചു. പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദ്ദേശം.

അടഞ്ഞു കിടക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. റാന്നി അയ്യപ്പ മെഡിക്കല്‍ കോളജ്, പന്തളം അര്‍ച്ചന ആശുപത്രി എന്നിവയിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കുക. ഈ ആശുപത്രികളുടെ ഉടമസ്ഥരുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായാണ് പുതിയ നീക്കം. ജില്ലയില്‍ കോവിഡ് മുന്‍കരുതല്‍ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കുമെന്നും വലിയ വിലവര്‍ധനവില്ലാതെ വസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ല എന്ന ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ വാദം അദ്ദേഹം തള്ളി. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോളോ വാങ്ങിയിരുന്നുവെന്നും ഇത് കണ്ടെത്തി ആരോഗ്യ വകുപ്പ് രണ്ടാമതും ബന്ധപ്പെട്ടപ്പോഴാണ് രോഗലക്ഷണങ്ങളുണ്ടെന്ന് കുടുംബം സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും രോഗ വിവരം മറച്ചുവച്ചില്ല എന്നുമായിരുന്നു മൂന്നംഗ കുടുംബത്തിലെ മകന്‍ പറഞ്ഞത്.

നിലവില്‍ വൈറസ് സ്ഥിരീകരിച്ച് ഐസൊലേഷനിലുള്ള പത്ത് പേരില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പ്രായമായവരെയാണ് മാറ്റുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാലും മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്നേയുള്ളുവെന്നും കലക്ടര്‍ വ്യക്തമാക്കി.