ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ മുളക് സ്‌പ്രേ ആക്രമണം

കൊച്ചി: ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്‌പ്രേ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. കാവിമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഹിന്ദു ഹെല്‍പ് ലൈന്‍ സംഘടനയുടെ പ്രവര്‍ത്തകനാണെന്നാണ് വിവരം.

കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണമുണ്ടായത്. കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി മറ്റൊരു വാഹനത്തിലേക്ക് കയറുന്നതിനിടെ ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്യാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായ ബിന്ദുവിനെ പിന്നീട് ആസ്പത്രിയിലേക്ക് മാറ്റി.

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയുടെ സംഘത്തില്‍ അംഗമാണ് ബിന്ദു അമ്മിണി. ഇവര്‍ക്കെതിരെ രാവിലെ മുതല്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം ശക്തമാണ്. തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോവുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറയുന്നത്.

SHARE